തിരുവനന്തപുരം: കേരളത്തിലെ നിര്‍ദ്ദിഷ്ട ആതിരപ്പള്ളി ജല വൈദ്യുത പദ്ധതി മുടങ്ങുമെന്ന് സൂചനകള്‍ പുറത്തുവന്നു. കര്‍ണാടകയില്‍ നിര്‍മാണത്തിലിരിക്കുന്ന ചില വൈദ്യുത പദ്ധതികളും ഇതിനൊപ്പം മുടങ്ങും. യുനെസ്‌ക്കോയുടെ ലോകപൈതൃക പട്ടികയില്‍ പശ്ചിമഘട്ട മലകള്‍ സ്ഥാനം പിടിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ ആതിരപള്ളി ഉള്‍പ്പെടെ ഉള്ള പദ്ധഥികള്‍ മുടങ്ങുന്നതിന്റെ സൂചനകള്‍ പുറത്തുവന്നത്. പൈതൃക പട്ടിക പ്രഖ്യാപനത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ രംഗത്തു വന്നു കഴിഞ്ഞു. കേരളം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പൈതൃക പട്ടിക പ്രഖ്യാപനം ഈ മേഖലയിലെ പല വികസന പദ്ധതികള്‍ക്കും വിലങ്ങു തടിയാകുമെന്നാണ് കര്‍ണാടകയുടേയും ഗോവയുടേയും നിലപാട്. യുനെസ്‌കോയുടെ ചട്ടമനുസരിച്ച് ഏതെങ്കിലും രാജ്യത്തെ പൈതൃക മേഖലക്ക് യുനെസ്‌കോ നല്‍കിയ അംഗീകാരം പിന്‍വലിക്കണമെങ്കില്‍ അതിന്റെ ആദ്യ പ്രക്രിയ എന്ന നിലയില്‍ പ്രസതുത രാജ്യം യുനെസ്‌കോയുടെ ഹെറിറ്റേജ് കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. ഇതുപ്രകാരം ഇവിടെ ഏതെങ്കിലും സംസ്ഥാനം ആദ്യം കേന്ദ്ര ഗവണ്‍മെന്റിന് ഇതുസംബന്ധിച്ച അപേക്ഷ നല്‍കണം. കേന്ദ്രം അനുകൂല തീരുമാനം എടുത്താല്‍ മാത്രമെ യുനെസ്‌കോയില്‍ അപേഷ നല്‍കാന്‍ കഴിയുകയുള്ളു. കര്‍ണാടക ഗവണ്മെന്റ് ഈ വഴിക്ക് ചിന്തിക്കുന്നുവെന്ന ചില സൂചനകളുണ്ട്.

അതിനെടെ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച പശ്ചിമഘട്ടത്തിലെ 39-ല്‍ 20 മേഖലകളും കേരളത്തിലേതാണ്്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ജൂലൈ ഒന്നിന് ചേര്‍ന്ന യുനെസ്‌കോയുടെ ലോക പൈതൃക കമ്മിറ്റിയാണ് സഹ്യപര്‍വതനിര ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയത്.

നെയ്യാര്‍, പേപ്പാറ, പെരിയാര്‍ - തേക്കടി, അച്ചന്‍ കോവില്‍, ഇരവികുളം, പറമ്പിക്കുളം, പുല്‍ മേട്, മാനവന്‍ ചോല, സൈലന്റ് വാലി, കാളികാവ്, അട്ടപ്പാടി, പുഷ്പഗിരി, ചിന്നാര്‍ വനമേഖലകളിലായി പശ്ചിമ ഘട്ടത്തെ ഇരുപത് കേന്ദ്രങ്ങളാണ് പട്ടികയിലുള്ളത്. ഈ മേഖലകള്‍ പ്രത്യേകമായി എടുത്തുപറഞ്ഞ യുനെസ്‌ക്കോ സമിതി ഇവയുടെ പ്രാധാന്യവും സംരക്ഷണവും ഊന്നിപ്പറയുകയും ചെയ്യുന്നു.

ഹിമവല്‍സാനുക്കളെക്കാള്‍ പ്രാചീനവും ജൈവ വൈവിദ്ധ്യമുള്ളതാണ് പശ്ചിമഘട്ട മലനിരകള്‍ 1600 കി.മീറ്റര്‍ ദൈര്‍ഘ്യമുണ്ട് ഈ മലനിരകള്‍ക്ക്. ഇവിടെ 5000-ല്‍പരം ഇനങ്ങളില്‍ പെടുന്ന അപൂര്‍വ്വ സസ്യങ്ങളുമുണ്ട്. 140 സസ്തനി ജീവി വര്‍ഗങ്ങളില്‍ പതിനാറ് ജീവി വര്‍ഗങ്ങള്‍ ലോകത്ത് ഇവടെമാത്രം ഉള്ളവയാണെന്ന പ്രത്യേകതയുമുണ്ട്. സിംഹവാലന്‍ കുരങ്ങും നീലഗിരി താറും ഇതില്‍ പെടും.

പശ്ചിമഘട്ടത്തിലെ 179 ഉഭയജീവി വര്‍ഗ്ഗങ്ങളില്‍ 138 ഇനങ്ങളും സഹ്യപര്‍വ്വത മേഖലയില്‍ മാത്രം കാണുന്നവയാണ്. ഇവിടെ ആകെയുള്ള 508 പക്ഷി വര്‍ഗങ്ങളില്‍ 16 ഇനങ്ങള്‍ ഈ മേഖലയില്‍ മാത്രം കാണുന്നവയാണ്. ഇവിടുത്തെ അന്‍പത്തിരണ്ട് ജീവി വര്‍ഗങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നു. ഇവയുടെ സംരക്ഷണത്തിനും നിലനില്‍പ്പിനും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് യുനെസ്‌കോ ഇന്ത്യയോട് ആവശ്യപ്പെടുന്നു.

ആവാസ വ്യവസ്ഥയിലെ വ്യതിയാനം , അധികമായ പ്രകൃതി ചൂഷണം , മലിനീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് വംശനാശ ഭീഷണിക്ക് ആക്കം കൂട്ടുന്നത്. പശ്ചിമഘട്ട്േമഖലകളില്‍ നടക്കുന്ന ഖനനം, ജലവൈദ്യുത പദ്ധതി നിര്‍മാണം തുടങ്ങിയവ പ്രകൃതിക്കും ആവാസ വ്യവസ്ഥയ്ക്കും ഭീഷണി ഉയര്‍ത്തുന്നതായി ലോക പൈതൃക കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഈ മേഖലയില്‍ പെടുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന വിപുലമായ ഖനികള്‍ അടച്ചു പൂട്ടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിമുഖതയുണ്ട്. ഗോവയിലും കര്‍ണാടകയിലുമാണ് സഹ്യപര്‍വ്വത നിരയില്‍ വ്യാപകമായ ഖനനം നടക്കുന്നത്
.

asif wayanad

Comments