അതിനിസ്സാരനായ മനുഷ്യനോട് പ്രപഞ്ചനാഥനായ അല്ലാഹു സംസാരിക്കുന്നു. ആ സംസാരമാണ്
വിശുദ്ധ ഖുര്‍ആന്‍. അതെത്ര വലിയ അനുഗ്രഹമാണ്. മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ
ആദരവാണ് അല്ലാഹു അവനെ അഭിസംബോധന ചെയ്യുന്നുവെന്നത്. വിണ്ണില്‍ നിന്നിറങ്ങിയ ആ
പ്രകാശധോരണി മണ്ണിനെ പ്രശോഭിതമാക്കി.
ഭൂമിയില്‍ ഇരുട്ടായിരുന്നു.
വെളിച്ചമില്ലാത്തപ്പോള്‍ വസ്തുക്കള്‍ക്ക് വര്‍ണഭംഗിയില്ല; രൂപഭംഗിയില്ല. പാതകള്‍
തെളിഞ്ഞു കാണുന്നില്ല. മുന്നിലുള്ളത് നന്മയോ നാശമോ എന്ന് തിരിച്ചറിയാനാവുന്നില്ല.
അതിനെല്ലാം വെളിച്ചം അനിവാര്യമാണ്. ഖുര്‍ആനെ അല്ലാഹു വിശേഷിപ്പിക്കുന്നു: "ഇത് നാം
നിനക്കവതരിപ്പിച്ചുതന്ന വേദഗ്രന്ഥമാണ്. ജനങ്ങളെ അവരുടെ നാഥന്റെ ഉത്തരവനുസരിച്ച്
അന്ധകാരങ്ങളില്‍നിന്ന് വെളിച്ചത്തിലേക്ക് ആനയിക്കാന്‍'' (14:1). ഇരുട്ടിന് അനേകം
രൂപഭേദങ്ങളുണ്ട്. ശരീരവും പരിസരവും ഇരുട്ടില്‍. മനസ്സും ആത്മാവും ഇരുട്ടില്‍. അവിടെ
നിന്ന് പ്രകാശത്തിലേക്ക് വന്നാല്‍ വ്യക്തതയുള്ള ലോകം. മനുഷ്യരെ ആ വെളിച്ചത്തിലേക്ക്
നയിക്കുന്ന ദൈവിക വചനങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍.
വെളിച്ചത്തിന്റെ ലോകം എത്ര
അഴകാര്‍ന്നതാണ്! ഭൂമി സസ്യ ശ്യാമളം, വര്‍ണവൈവിധ്യമാര്‍ന്നത്. നിറവും മണവുമേറെയുള്ള
പൂക്കള്‍, രുചിഭേദമുള്ള ഫലങ്ങള്‍. പ്രകൃതിക്ക് മാറ്റുകൂട്ടുന്ന പറവകള്‍, ശലഭങ്ങള്‍!
എല്ലാം വെളിച്ചത്തില്‍ തെളിഞ്ഞു കാണുന്നു. ഇരുളടഞ്ഞ മനസ്സും ആത്മാവും
വെളിച്ചത്തിലേക്കാനയിക്കപ്പെടുമ്പോള്‍ എന്തൊരാനന്ദം! ആ ദൌത്യമാണ് ഖുര്‍ആന്‍
മനുഷ്യരാശിക്കു വേണ്ടി നിര്‍വഹിക്കുന്നത്.
ആത്മാവിന്റെ നിര്‍വൃതി
മനുഷ്യന്റെ ഏറ്റവും വലിയ അഭിലാഷമാണ്. സുകൃതങ്ങളാണ് ആത്മാവിന് നിര്‍വൃതി പകരുക.
സത്യം പറയുമ്പോള്‍ മനസ്സിനെന്തൊരു സുഖം! അഗതിക്കൊരു സാന്ത്വന വാക്ക്.
എന്തൊരാശ്വാസം! പഥികനൊരു പാത്രം പാനീയം! ആ കുളിര്‍മ നാം മനസ്സില്‍ അനുഭവിക്കുന്നു.
അപകടത്തിലേക്ക് നീങ്ങുന്ന അന്ധന്റെ കൈപിടിച്ച് വഴിയിലെത്തിക്കുമ്പോള്‍ നാം
അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതുപോലെ സമാധാനം.
asif wayanad
asif wayanad



Comments
Post a Comment