Wednesday, September 5, 2012

കണ്ണെത്തും ദൂരത്ത്‌ ഗതകാല സുകൃതങ്ങളുടെ ഓര്‍മ്മകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന മസ്ജിദുന്നബവി. മക്ക തിരസ്കരിച്ച പുണ്യറസൂലെന്ന സൌഭാഗ്യം നെഞ്ചിലേറ്റാന്‍ ഊഷരഭൂമിയായ യസ്‌രിബിന്‌ ലഭിച്ച ഭാഗ്യമാണ്‌, ഇന്നും ശതകോടികളുടെ ഉള്ളുരുക്കമാക്കി മദീനയെ മാറ്റിയത്‌. ഓരോ മണല്‍ തരിക്കും ആ സ്നേഹപ്രവാഹത്തിന്റെ നൂറ്‌ നുറ്‌ കഥകള്‍ പറയാനുണ്ടാവും.. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ മക്കയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ചെത്തിയ ഒരു കൂട്ടം ദരിദ്രരേയും അവര്‍ക്കിടയിലെ പൂര്‍ണ്ണചന്ദ്രനേയും സ്വീകരിച്ച ആ ഉന്നത പാരമ്പര്യത്തിന്റെ അനന്തരാവകാശികള്‍, ഇന്നും മദീന സന്ദര്‍ശിക്കുന്ന ഭാഷവര്‍ണ ഭേദമന്യേ എല്ലാവരേയും സ്വീകരിച്ച്‌ 'താങ്കളെന്റെ അതിഥിയാവാന്‍ ദയവുണ്ടാവണം' എന്ന് അപേക്ഷിക്കുന്നു... നിര്‍ബന്ധിക്കുന്നു... മദീനക്കാരുടെ ആതിഥേയ മര്യാദയ്ക്ക്‌ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

AD622-ല്‍ മക്കയില്‍ നിന്ന് പലായനം ചെയ്തെത്തിയ പരിശുദ്ധനബി(സ) ശിഷ്യരോടൊപ്പം മണ്ണും മരവും ചുമന്ന് നിര്‍മ്മിച്ചതാണ്‌ മസ്ജിദുന്നബവി. ചളികട്ടകൊണ്ടുള്ള ചുമരുകള്‍ക്കിടയില്‍ ഈന്തപ്പനത്തടി തൂണാക്കി ഈന്തപ്പനയോല മേഞ്ഞ 1050 ചതുരശ്ര മീറ്...
ററില്‍ നിര്‍മ്മിക്കപ്പെട്ട ലളിതമായ ഒരു കെട്ടിടം. പിന്നീട്‌ AD628ല്‍ നബിതിരുമേനിയുടെ ജീവിതകാലത്ത്‌ തന്നെ 2500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നവീകരിച്ച അതേ മസ്ജിദുന്നബവിയാണ്‌ കണ്മുമ്പില്‍ ഒരു കൊട്ടാരമായി മാറിയിരിക്കുന്നത്‌.ഉള്ളിലെവിടെയോ ഉത്ഭവിച്ച സ്നേഹത്തിന്റെ ചൂട്‌ കണ്‍തടം നനക്കുന്നുണ്ട്‌. വാമൊഴിക്കും വരമൊഴിക്കും പ്രകടിപ്പിക്കാനാവാത്ത വികാരം സിരകളിലൂടെ ഒഴുകുന്നു... മിഅ്‌റാജ്‌ രാവില്‍ അല്ലാഹുവിന്റെ അതിഥിയായ ഒരു പരിശുദ്ധ നബിയുടെ അതിഥി ആയാണല്ലോ ഇന്ന് ഞാനും... ഈ മദീനയില്‍ എത്തിയിരിക്കുന്നത്‌... മനസ്സില്‍ പുണ്യറസൂലിന്റെ പുഞ്ചിരി തിളങ്ങിയപ്പോള്‍ കണ്ണുകളില്‍ അശ്രുപൊടിഞ്ഞു.


വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന ആ മനോഹര സൌധം കണ്ടപ്പോള്‍ പതിനാല്‌ നൂറ്റാണ്ട്‌ മുമ്പ്‌ ഈന്തപ്പനയോലകളുടെ നിഴലില്‍ ലോകാവസാനത്തെക്കുറിച്ചും അന്ന് ലോകത്ത്‌ പ്രത്യക്ഷപ്പെടുന്ന പൈശാചിക ശക്തിയായ ദജ്ജാലിനെ കുറിച്ചും വിശദീകരിച്ചത്‌ ഓര്‍മ്മയില്‍ അത്ഭുതമായെത്തി. 'ലോകം മുഴുവന്‍ നാശത്തിന്റെ വിത്ത്‌ പാകി ദജ്ജാല്‍ മദീന അതിര്‍ത്തിയില്‍ എത്തുമെന്നും അവിടെ വെച്ച്‌ എന്റെ ഈ മസ്ജിദ്‌ നോക്കി ആരുടേതാണ്‌ ആ വെള്ള കൊട്ടാരമെന്ന് അന്വേഷിക്കുമെന്നും' ആയിരുന്നു ആ പ്രവചനം. അതിന്‌ 'അത്‌ മുഹമ്മദിന്റെ കൊട്ടാരമാണെന്ന് ജനങ്ങള്‍ മറുപടി കൊടുക്കുമെന്ന്' അവിടുന്ന് കൂട്ടിചേര്‍ക്കുമ്പോള്‍ മസ്ജിദുന്നബവി ഈന്തപ്പന മേഞ്ഞ മഴയും വെയിലും പൂര്‍ണ്ണമായി തടയാന്‍ കഴിയാത്ത രീതിയിലായിരുന്നു... ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊട്ടാരമായ മസ്ജിദുന്നബവി കാണുമ്പോള്‍ മനസ്സില്‍ പുണ്യറസൂലിന്റെ വാക്കുകള്‍ മുഴങ്ങുന്നു... ചുണ്ടുകള്‍ സലാത്ത്‌ കോണ്ട്‌ സജീവമാക്കി... തുടികൊട്ടുന്ന മനസ്സ്‌ കൊണ്ട്‌ പുണ്യറസൂലിനെ അഭിവാദ്യം ചെയ്തു
.,.
,.(,.ഫോട്ടോ കടപ്പാട്   നൌഷാദ് അകമ്പാടം )
,.ആസിഫ്‌ വയനാട്‌.,.,.