വിശുദ്ധ ഖുര്‍ആന്‍ എന്ത് കൊണ്ട് പൂര്‍വ്വ സമൂഹങ്ങളുടെ ചരിത്രം ധാരാളമായി ഉദ്ധരിക്കുന്നുവെന്നത് പ്രസക്തമായ ചോദ്യമാണ്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ജീവിച്ച സമൂഹങ്ങളുടെ ചരിത്രം സുവ്യക്തതയോടും, സൂക്ഷ്മതയോടും കൂടി വിശുദ്ധ ഖുര്‍ആനില്‍ വിശദീകരിക്കപ്പെട...
്ടിട്ടുണ്ട്. എത്രതന്നെ ഭൗതികമായ തെളിവുകളും പ്രമാണങ്ങളും ലഭിച്ചാല്‍ പോലും ചരിത്രകാരന്‍മാര്‍ക്ക് അസാധ്യമായ ഒരു ശ്രമമാണിത്. കേവലം കഥ പറയുന്നതിനേക്കാളുപരിയായി ഉന്നതമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരം സംഭവങ്ങള്‍ സവിസ്തരം പ്രതിപാദിച്ചതെന്ന് ഖുര്‍ആന്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. 'അവരുടെ കഥകളില്‍ ബുദ്ധിയുള്ളവര്‍ക്ക് ഗുണപാഠമുണ്ട്.' യൂസുഫ്:111

വിശുദ്ധ ഖുര്‍ആന്റെ ചരിത്രപരമായ അമാനുഷികത ഇമാം സുയൂത്വി ഇപ്രകാരം വിശദീകരിക്കുന്നു 'ഈ ചരിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൂര്‍വ്വകാല സമൂഹങ്ങളുടെ വാര്‍ത്തകള്‍, നാമാവശേഷമായ ശരീഅത്തുകളെ സംബന്ധിച്ച വിശദീകരണങ്ങള്‍ തുടങ്ങി വേദ ഗ്രന്ഥങ്ങളിലൂടെ മാത്രം ലഭ്യമാവുന്ന വിജ്ഞാനങ്ങളാണ് ഖുര്‍ആന്റെ ചരിത്രപരമായ അമാനുഷികതയെ കുറിക്കുന്നത്. വേദ ഗ്രന്ഥം വായിച്ച് പഠിക്കാത്ത പ്രവാചകനാണ് ഇതുമായി വരുന്നതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
മനുഷ്യന്‍ എത്ര ഉയര്‍ന്നാലും മനുഷ്യന്‍ തന്നെയാണ്. അവന്‍െ പ്രകൃതം മാറുകയോ, സ്വഭാവം വ്യത്യാസപ്പെടുകയോ ഇല്ല. അത് കൊണ്ട് തന്നെയാണ് പൂര്‍വ്വ ജനവിഭാഗങ്ങള്‍ അവരുടെ പ്രവാചകന്‍മാരോട് സ്വീകരിച്ച നയനിലപാടുകള്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നതും. വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ശേഷവും അവ വീണ്ടും ഓര്‍മിപ്പിക്കുന്നതും അതിനാലാണ്. സദൃശമായ രോഗങ്ങള്‍ ചികിത്സിക്കാനും മാറ്റിയെടുക്കാനും വേണ്ടിയാണത്. രോഗാതുരമായ സമൂഹത്തിന്റെ അണുക്കളെ ഇല്ലായ്മ ചെയ്യുന്ന ആഖ്യാന ശൈലിയാണ് വിശുദ്ധ വേദം സ്വീകരിച്ചിട്ടുള്ളത്.'

നൂഹ് നബി(അ)ന്റെ ചരിത്രം.
ഉദാഹരണമായി നൂഹ് നബി(അ)യുടെ ചരിത്രം നമുക്ക് പരിശോധിക്കാം. തൊള്ളായിരത്തി അമ്പത് വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആദ്യാവസാനം മുതല്‍ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. സമൂഹത്തെ നയിച്ച പ്രമാണിമാര്‍ അദ്ദേഹത്തെ കളവാക്കിയത് മുതല്‍ അദ്ദേഹത്തില്‍ വിശ്വസിച്ച ന്യൂനപക്ഷമായ വിശ്വാസികളെയും, കപ്പല്‍ നിര്‍മാണത്തെയും കുറിച്ചെല്ലാം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജനതയെ ബാധിച്ച പ്രളയം, ഭാര്യയും മകനും അതിലകപ്പെടുന്നത്, അദ്ദേഹവും കൂടെ വിശ്വസിച്ചവരും സുരക്ഷിതമായി രക്ഷപ്പെടുന്നതുമെല്ലാം ഖുര്‍ആന്‍ വിവരിക്കുന്നു.
വേദഗ്രന്ഥങ്ങളില്‍ മാത്രം കാണപ്പെടുന്ന ഈ വിവരങ്ങള്‍ പ്രവാചകന്‍(സ) എങ്ങനെ അറിഞ്ഞു. എത്ര സുദൃഢവും ശക്തവുമായാണ് പ്രവാചകന്‍(സ) അത് വിശദീകരിച്ചത്. അല്ലാഹു പ്രസ്തുത ചരിത്രം അവസാനിപ്പിക്കുന്നത് കാണുക. 'ഇവയെല്ലാം അദൃശ്യ വാര്‍ത്തകളാണ്. നാം നിനക്കത് ബോധനം നല്‍കുന്നു. താങ്കളോ താങ്കളുടെ ജനതയോ ഇതിന് മുമ്പ് ഇവ അറിയുമായിരുന്നില്ല. അത് കൊണ്ട് താങ്കള്‍ ക്ഷമിക്കുക. തീര്‍ച്ചയായും വിശ്വാസികള്‍ക്കാണ് ശുഭ പര്യവസാനം.' ഹൂദ്: 49. ചരിത്രം വിശദീകരിക്കുന്നതില്‍ വിശുദ്ധ ഖുര്‍ആന്‍ കാണിച്ച ഈ ധൈര്യം അതിന്റെ അമാനുഷികതയെയാണ് കുറിക്കുന്നത്.

ഖുര്‍ആന്‍ സൂചിപ്പിച്ച ഹാമാന്‍
ഫറോവയുടെയും മൂസായുടെയും കൂടെ ഹാമാനെ ചേര്‍ത്ത് പറഞ്ഞതും വിശുദ്ധ ഖുര്‍ആന്റെ അമാനുഷിതക്കുള്ള വ്യക്തമായ തെളിവാണ്. ഫറോവയുടെ വിശ്വസ്തനായാണ് ഖുര്‍ആന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. ഫറോവ പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. 'അല്ലയോ ഹാമാന്‍, കളിമണ്ണ് കൊണ്ട് ഒരു ഗോപുരമുണ്ടാക്കുക. മൂസായുടെ ദൈവത്തെ ഞാനൊന്ന് എത്തി നോക്കട്ടെ. ഉറപ്പായും അദ്ദേഹം കള്ളം പറയുന്നവനാണെന്ന് ഞാന്‍ കരുതുന്നു.' ഖസ്വസ്: 38

തൗറാത്തില്‍ വന്ന വിശദീകരണത്തിന് വിരുദ്ധമായ ആശയമാണ് ഹാമാനെ സംബന്ധിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ഇറാഖിലെ ബാബിലോണിയന്‍ രാജാവിന്റെ സഹായിയും ഇസ്രായീല്യര്‍ക്ക് ഉപദ്രവം ചെയ്തവനുമായാണ് തൗറാത്ത് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. മൂസാ നബിക്ക് ശേഷം ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇത് സംഭവിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചതാണ് ശരിയെന്ന് ഫറോവയെ കുറിച്ച ആധികാരിക ചരിത്ര രേഖകളില്‍ നിന്നും വ്യക്തമായിരിക്കുന്നു. പുരാതനമായ ചരിത്രലിപികളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യവും മറ്റൊന്നല്ല. പുരാതന ഈജിപ്തിന്റെ രേഖകളില്‍ ഹാമാന്റെ പേര് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വിയന്നയിലെ ഹോഫ് മ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ നാമം കൊത്തി വെച്ച ശില ഇന്നും ലഭ്യമാണ്.

യൂസുഫ് നബി(അ)യുടെ കാലത്തെ ഈജിപ്തിലെ ഭരണാധികാരിയുടെ മലിക് എന്ന സ്ഥാനപ്പേര്
വിശുദ്ധ ഖുര്‍ആന്റെ ചരിത്ര അമാനുഷികതയുടെ ഭാഗമാണ് യൂസുഫ് നബിയുടെ കാലത്തെ ഈജിപ്ത് ഭരണാധികാരിക്ക് മലിക് എന്ന് പ്രയോഗിച്ചത്. ഖുര്‍ആന്‍ പറയുന്നു.'രാജാവ് പറഞ്ഞു. ഞാന്‍ ഏഴ് പശുക്കളെ സ്വപ്‌നം കണ്ടിരിക്കുന്നു' യൂസുഫ്: 43. അതേ ഭരണാധികാരിക്ക് തൗറാത്ത് ഫിര്‍ഔന്‍ എന്നാണ് പ്രയോഗിച്ചത്. പ്രസ്തുത നാമം അക്കാലത്ത് ഈജിപ്തിലെ ഭരണാധികാരികള്‍ക്ക് സാധാരണയായി പ്രയോഗിക്കാറില്ലാത്തത് കൊണ്ടായിരുന്നു വിശുദ്ധ ഖുര്‍ആന്‍ അങ്ങനെ ചെയ്തത്. യൂസുഫ് നബിയുടെ കാലം കഴിഞ്ഞ് ഇരുന്നൂറോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രസ്തുത നാമം പ്രയോഗിച്ച് തുടങ്ങിയത്. എന്നാല്‍ മുസാ പ്രവാചകന്റെ കാലത്ത് ഈജിപ്തിലെ ഭരണാധികാരിയെ ഫിര്‍ഔന്‍ എന്നാണ് വിളിച്ചിരുന്നത്. അത് കൊണ്ട് തന്നെ ഭരണാധികാരികളുടെ സ്ഥാനപ്പേര് പ്രയോഗിക്കുന്നിടത്ത് വിശുദ്ധ ഖുര്‍ആന്‍ പുലര്‍ത്തിയ സൂക്ഷ്മത അതിന്റെ അമാനുഷികതക്ക് തെളിവാണ്. എന്നാല്‍ തൗറാത്തില്‍ ഇബ്‌റാഹീമിന്റെയും, യൂസുഫിന്റെയും മൂസായുടെയും കാലത്തെ ഭരണാധിക്കാരികള്‍ക്കെല്ലാം ഫിര്‍ഔന്‍ എന്ന് തന്നെയാണ് പ്രയോഗിച്ചിട്ടുള്ളത്. ഇബ്‌റാഹീം നബി(അ), യൂസുഫ്(അ)ന്റെയും കാലത്തെ ഭരണാധികാരികള്‍ക്ക് സാധാരണയായി ഫറോവ എന്ന് പ്രയോഗിക്കാറുണ്ടായിരുന്നില്ല.
ഇമാം റാസിയുടെ മനോഹരമായ വചനം ഇവിടെ സ്മരണീയമാണ്. 'ഈ ചരിത്രങ്ങളെല്ലാം മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ അടയാളങ്ങളാണ്. നിരക്ഷരനായ, ഒരു ഗ്രന്ഥവും വായിക്കാത്ത, ഒരു പാഠശാലയിലും പഠിക്കാത്ത പ്രവാചകന്‍ യാതൊരു സ്ഖലിതവുമില്ലാതെ ചരിത്രമുദ്ധരിക്കുന്നത് അവ അല്ലാഹുവില്‍ നിന്നുള്ള ബോധനമാണെന്ന് കുറിക്കുന്നു

ആസിഫ്‌ വയനാട്‌

Comments