Sunday, December 21, 2014

മഴക്കാടിലീറനായ് ( ചെറുകഥ)


///////////////////////////////
                 മഴ മഞ്ഞു മൂടുമീ   പൊന്‍ പുലരിയില്‍  ഡിസംബര്‍  മാസത്തിന്‍റെ  കുളിര്‍ത്തെന്നല്‍ തലോടലില്‍ 
ഉണരാന്‍ മടിച്ചു നില്‍ക്കുന്ന  മിഴിക്കോണുകളുമായി  അവള്‍ എന്‍റെ നെഞ്ചില്‍  പറ്റിച്ചേര്‍ന്നു കിടന്നു .
”അല്ല  എഴുന്നെല്‍ക്കണ്ടേ  മാഷേ  ഇങ്ങനെ കിടന്നാല്‍ മതിയോ ?
 ങ്ങും   ഇച്ചിരി നേരം ഞാന്‍ ഇങ്ങനെ കിടക്കട്ടെ .
“അല്ല നിനക്കിന്ന് ഓഫീസില്‍  പോണ്ടേ ?

ങ്ങും പോണം മടിയാവുന്നൂടാ  എന്തൊരു തണുപ്പാ അല്ലെ ?
അതും പറഞ്ഞുകൊണ്ട് അവള്‍  ഇരുകയ്യും കൊണ്ടെന്നെ  ചുറ്റി വരിഞ്ഞു അവളിലേക്ക്‌  വലിച്ചടുപ്പിച്ചു.എന്‍റെ  താത്പര്യക്കുറവുകൊണ്ടാണോ എന്നറിയില്ല,
“എന്താടാ നിനക്കൊരു വല്ലായ്ക  ഓഫീസില്‍ വല്ല പ്രശ്നവും ഉണ്ടോ ?

ഏയ്‌  ഒന്നുമില്ല  മനസ്സ്  വല്ലാതെ ഒന്ന് വിങ്ങുന്നു  അത് കേട്ടതോടെ അവളില്‍ നിന്നും  ഒരു തേങ്ങല്‍  ഉയര്‍ന്നത് എന്നെ കൂടതല്‍  വിഷമത്തില്‍ ആക്കി  ,.,.,പറയടാ  എന്ത് പറ്റി നിനക്ക് എന്നോട് പറയാന്‍  കഴിയാത്ത വിധം  എന്ത് പ്രശ്നം  ആണ് നിന്നെ വീര്‍പ്പു മുട്ടിക്കുന്നത്‌.
ഏയ് ഒന്നുമില്ല നിന്‍റെ തോന്നലാണ്  അതൊക്കെ .
“അല്ല ഡിസംബര്‍ മാസത്തില്‍ എന്താ ഇത്ര തണുപ്പ്  അവള്‍ ഒന്ന് കൂടി എന്‍റെ നെഞ്ചിലേക്ക് പറ്റിച്ചേര്‍ന്നു.

എടാ നമ്മളെ നോക്കി പുറപ്പെട്ടതാണോ ഈ തണുപ്പ് എന്നു തോന്നിപ്പോവാറുണ്ട് രാവിലെ മഞ്ഞ് കാണുമ്പോള്‍. അത്ഭുതകരമായ ഋതുപൂര്‍ണ്ണതയാണ് ഈ കുളിരിന്. സ്വപ്നങ്ങള്‍  പെയ്തിറങ്ങുന്ന, മരുപ്പച്ചകളിലും കുളിര്‍ മഴയായ് നനുനനുത്ത മോഹച്ചെപ്പില്‍ തഴുകിയിറങ്ങുന്ന സ്നേഹാമൃധം ഇതിനവസാനം ഒരു  പെരുമഴയാണ് എന്നറിയാം എനിക്ക് എങ്കിലും  . ഡിസംബര്‍ നീ  തന്ന  ഈ  പുലരിയില്‍ നിന്നോടോത്ത് പെയ്തു പെയ്തു തീരാന്‍ ആയി  ഞാന്‍  വീണ്ടുംവീണ്ടും.

“അല്ല  പെണ്ണെ  നിനക്ക് ഇന്നെന്തു  പറ്റി പതിവില്ലാതെ നൊസ്റ്റാള്‍ജിയ മൂഡില്‍  ആണല്ലോ ?

 എപ്പോഴൊക്കെ  നിന്‍റെ  നെഞ്ചില്‍  തലച്ചയ്ച്ച്ചു  കിടന്നാലും എന്‍റെയുള്ളില്‍  ഈ നനുനനുത്ത കുളിര്‍ മഴ  തന്നെയാണ് എപ്പോഴും പെയ്തുകൊണ്ടിരിക്കുന്നത് ഓര്‍മ്മകളുടെ മറ്റൊരു ഋതുപകര്‍ച്ച.നിന്നിലൂടെ മാത്രം   ആര്‍ത്തലച്ചുപെയ്യാന്‍ ആത്മാര്‍ഥമായി കൊതിച്ചുപോയ ഒരു മഴമേഘത്തിന്‍റെ ആര്‍ത്തലച്ചെത്തുന്ന മോഹാവേശം .

നെറുകയില്‍ അമര്‍ത്തിയൊരു മുത്തം നെല്‍കിക്കൊണ്ട് പതിയെ എഴുന്നേറ്റു അവളുടെ പരിഭവം നിറഞ്ഞ മിഴികളില്‍ ചെറിയ കുമിളകള്‍ ഉരുണ്ടുകൂടുന്നത് കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ പതിയെ പുറത്തേക്കുള്ള വാതിലിനു നേരെ തിരിഞ്ഞു .
മണല്‍ കല്ലുകള്‍ വിരിയിച്ച മുറ്റത്ത് പുഞ്ചിരിയോടെ എന്നെ കാത്തിരിക്കുന്ന പത്തുമണിച്ചെടിയുടെ മൊട്ടുകളില്‍ മധു നുകരാന്‍ തേനീച്ചകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്‌,അവക്കും തന്‍റെ പ്രിയയുടെ കണ്ണുകളില്‍ കണ്ട സ്നേഹാവേശം ആണോ ?

പതിയെ ഉമ്മറത്തെ ചാരുകസേരയില്‍ ഇരുന്നപ്പോള്‍ അകത്തെ മുറിയില്‍ നിന്നും ഒരു തേങ്ങല്‍ കാതുകളെ പതിയെ കവര്‍ന്നെടുത്തപോലെ.
കുളിരില്‍പൊതിഞ്ഞെത്തിയ കുഞ്ഞിളം തെന്നലിന് പാലപ്പൂവിന്റെ മണമുണ്ടായിരുന്നു എന്നിട്ടും മനസെന്തേ വല്ലാതെ  മൂകമായിരിക്കുന്നു എന്തോ നഷ്ടമായ ഒരു വിങ്ങല്‍ മനസ്സിനെയുലക്കുന്നു  അറിയില്ല എന്താണ് എന്ന് .കുറച്ചു നേരം കണ്ണടച്ചു ഇരുന്നപ്പോള്‍ ഒരു തലോടല്‍ ശിരസ്സിലൂടെ ഒഴുകിയിറങ്ങുന്നത് ഞാന്‍ അറിഞ്ഞു, 
  “അല്ല മാഷെ എന്താ പരിപാടി ഇവിടെയിരുന്ന് എത്ര നേരം ഇങ്ങനെ സ്വപ്നം കാണും ?
 ഓഫീസില്‍ എന്തേലും പ്രശ്നം ഉണ്ടോടാ ?

ഇങ്ങനെ ഒറ്റക്കിരുന്നാല്‍ ദുസ്സഹമായ ഒരേകാന്തത തോന്നും ,
നിന്‍റെ വിഷമങ്ങള്‍ എന്നോട്  പറയാന്‍ പാടില്ല എങ്കില്‍ വേണ്ടാട്ടോ
 ആ  വാക്കുകളില്‍ പതിയിരിക്കുന്ന പരിഭവം എന്‍റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു.
അവളുടെ കൈകളില്‍ പതിയെപ്പിടി മുറുക്കിസാവകാശം മടിയിലേക്ക്‌ പിടിച്ചിരുത്തി നെറുകയില്‍ ഒരുമ്മ കൊടുത്തുകൊണ്ട് അവളുടെ കാതുകളില്‍ പതിയെപ്പറഞ്ഞു ഒന്നുമില്ലെടാ അവള്‍ നാണത്തോടെ പിടഞ്ഞെണീറ്റ് അകത്തേക്കോടി വാതിലിനു മറഞ്ഞു നിന്നുംകൊണ്ടു പതിയെപ്പറഞ്ഞു,
“നാണമില്ലാത്ത  കൊരങ്ങന്‍ വല്ലോരും കാണും എന്നൊരു പരിസരബോധം  പോലുമില്ല !
പതിയെ കസേരയില്‍ നിന്നും എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി തൊടിയിലൂടെ പുഞ്ചിരിതൂകി കളകളം പാടിയൊഴുകുന്ന അരുവിയില്‍ ഞെട്ടറ്റുപോയ കുഞ്ഞുപൂക്കളെ ശിരസ്സില്‍ ഏറ്റി ഒഴുകിയകലുന്നകാഴ്ച്ച മനസ്സിനെ ഒന്നുകൂടി വലിഞ്ഞു മുറുക്കികൊണ്ടിരുന്നു. വായിച്ചു മറന്ന ചില കവിതയുടെ വരികള്‍ അറിയാതെ  മനസ്സിലൂടെ കടന്നുപോകുന്നു.
“പലപലനാളുകള്‍/ ഞാനൊരു പുഴുവായ്,

പവിഴക്കൂട്ടിലുറങ്ങിഇരുളുംവെട്ടവുമറിയാതങ്ങനെയിരുന്നു
നാളുകള്‍ നീക്കി അരളിച്ചെടിയുടെ ഇലതന്നടിയില്‍
 അരുമക്കിങ്ങിണിപോലെ”

 നനുത്ത കോടമഞ്ഞില്‍ പൊതിഞ്ഞ  ഇളം തെന്നല്‍ ചുണ്ടുകളെ വിറയാര്‍ന്നതാക്കാന്  മത്സരിച്ചു കൊണ്ടിരുന്നു രാപ്പാടികളുടെയും ചീവീടുകളുടെയും കലപില നാദങ്ങളും  ചുറ്റിലും  ചീറി അടിക്കുന്നുണ്ടായിരുന്നു,അറിയാതെ അറിയാതെ  ഞാന്‍ മുന്നോട്ടു നടക്കുകയാണ് ,എന്തോ ഒരു മാസ്മരികതയില്‍ ഞാന്‍  ഒഴുകുകയാണ് എന്ന് തോന്നി.വാഴച്ചില്ലയില്‍ ഞാലിപ്പൂവന്‍ എന്നെ നോക്കി സ്മ്രുതുവായി ചിരിച്ചുവോ ? കൊതിയോടെ എന്‍റെ കൈകള്‍ അവളുടെ മേനിയില്‍ അറിയാതെ ഇഴഞ്ഞു ചെന്നെത്തിയത് ലോലമായ ചെവികളില്‍ ആണ് ,പതുക്കെപ്പതുക്കെ പിരിച്ചു ഞാന്‍ അവളുടെ കഴുത്തു മുറിച്ചപ്പോള്‍ അവള്‍ എങ്ങിക്കരഞ്ഞുവോ ?

 അടുത്തടുത്ത മരച്ചില്ലകളില്‍ കൂമനും മൂങ്ങയും  ഉച്ചത്തില്‍ കുശലം പറയുന്നതും വാനരന്മാര്‍ കൂട്ടമായി മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് ചാടിമറയുന്നതും ഇണകിളികള്‍  കൊക്കുരുമ്മി  രസിക്കുന്നതും  അണ്ണാറ കണ്ണന്‍മാര്‍ .,.കിന്നാരം പറയുന്നതും  ഈ മഴക്കാടിന്‍റെ   വര്‍ണ ഭംഗി  നൂറിരട്ടിയാക്കുന്നുവെന്നെന്നിക്ക് തോന്നി .  വര്‍ണമനോഹരിയായ  വനദേവതയുടെ,.ഹരിത ഭംഗി ആവോളം സൌന്ദര്യം  ആവോളം   നുകര്‍ന്നു നുകര്‍ന്ന്  ഇടവഴിയിലൂടെ ഞാന്‍ വീണ്ടും നടന്നു. ‌

“എന്താടോ  ഇങ്ങനെയൊരു ഉറക്കം അരുണിന്‍റെ  കൈകള്‍ എന്നെ കുലുക്കി വിളിക്കുന്നു”
ഞാന്‍  വരാം കുറച്ചു നേരംകൂടി ഇങ്ങനെ നടക്കട്ടെ
ങേ നീ എന്ത് കുന്തമാ ഈപ്പറയുന്നത് ?

നീ എന്നാല്‍  അവിടെ കിടന്നു  നടന്നോ മനേജ്ജര്‍ നിന്നെ ഇതിലും കൂടുതല്‍  നടത്തും  ഒന്നെഴുന്നേറ്റു  കുളിക്കട  ഭ്രാന്തും പറഞ്ഞുകൊണ്ട് കിടക്കാതെ  രാവിലെത്തന്നെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാന്‍  ഓരോരുത്തര്‍ . അവന്‍ പിറുപിറുത്തുകൊണ്ട്‌ അകന്നു പോകുന്നത് ഞാന്‍ ഒരു മയക്കത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ് .

കണ്ണുകള്‍ തിരുമ്മിക്കൊണ്ട് പതിയെ എഴുന്നേല്‍ക്കുമ്പോള്‍ വല്ലാത്ത  ജാള്യത തോന്നി ,കണ്ടത് വെറും സ്വപ്നമയിരുന്നുവെന്നു ഓര്‍ക്കാന്‍ മനസ്സ് വല്ലാതെ വിമുകത കാട്ടി.

കുളിമുറിയില്‍ ഷവറിനു കീഴെ നനയാതെ നനയുമ്പോള്‍ അറിയാതെ ഒരു തുള്ളി കണ്ണുനീരും എന്‍റെ കവിലൂടെ ഒഴുകിയിറങ്ങുന്നത് ഞാന്‍ അറിയുകയായിരുന്നു ,

ആസിഫ് വയനാട് 

Sunday, October 12, 2014

ഓര്‍മ്മകള്‍വിടരാന്‍ വിതുമ്പി നില്‍ക്കുന്ന സൂര്യ കിരണങ്ങള്‍ 

ഭാസ്ക്കരത്തലോടലിനായ് ഈറനായ് നില്‍ക്കുന്ന 

നാണം  കുണുങ്ങികളായ  പുല്‍നാമ്പുകള്‍
    
 പച്ചപ്പരവതാനിവിരിച്ച ആ നാട്ടു വഴികള്‍

 ഒരോര്‍മ്മര്‍പ്പെടുത്തല്‍ പോലെ   എന്നും 

കാലത്തിന്‍റെ വികൃതിയില്‍  മഞ്ഞും മഴയും 

 ഇക്കിളിപ്പെടുത്തുന്ന ഓര്‍മ്മകളുടെ  തോളിലേറി 

തിരിച്ചു വരില്ലെന്ന് വാശിയോടെ ചൊല്ലിയ 

കുസൃതികള്‍ കൂട്ടിനുള്ള കുട്ടിക്കാലവും 

മഞ്ഞിന്‍പുതപ്പിനാല്‍ നാണം  മറക്കുന്ന 

സ്നേഹത്തിന്‍   നനവാര്‍ന്ന  ഇടവഴികളില്‍ 

 നിന്‍ പ്രണയത്തിന്‍ കൈ ചേര്‍ത്ത് നടക്കുമ്പോള്‍  

 ദൂരെയോന്നുമല്ലാതെ അന്നന്നത്തെ അന്നം തേടി 

പറക്കുന്ന ഇണകുരുവികളുടെ  കിന്നാരം .

മനസ്സിന്‍റെ  മണിയറയില്‍ ,ആരും കാണാതെ 

അന്നു ഞാന്‍ ഒളിപ്പിച്ചുവെച്ച പുസ്ത്തകത്താളിലെ

മയില്‍പ്പീലി പോലെ നീയെന്ന മാണിക്യം  

മരപ്പിടി സ്ലേറ്റിലെ മഷിത്തണ്ടു പോലെ

കൊത്തം കല്ലുകള്‍ അമ്മാനമാടിയ നിന്‍റെ 

വിരലുകള്‍ തലോടിയുറക്കിയ  മുടിയിഴകള്‍  

ഗ്രഹാതുരമായ നല്ല ഓര്‍മ്മകളെല്ലാം അന്യമായ് 

ഇന്ന് അക്ഷരങ്ങള്‍ക്കിടയില്ഒളിച്ചു കിടക്കുകയാണ്.

 
ആസിഫ്‌  വയനാട്‌

Sunday, October 5, 2014

pranayaragam album sang by akbar mylanchi new

അറിവുകള്‍

അന്വേഷികളീ യാത്രികർ നമ്മള്‍
സ്വയം അറിയാൻ ശ്രമിക്കുന്നവർ
ചുറ്റിലും ചിതറുന്ന അക്ഷരച്ചെപ്പുകള്‍
കൂട്ടിപ്പെറുക്കി അറിവിന്‍റെ കണ്ണികൾ ചേർത്ത്
മുത്തുമാല പണിയുന്നവരാണ് നമ്മള്‍
മനസ്സിന്‍റെ കോണില്‍ ഊതിവീർപ്പിച്ച ഹുങ്കിനെ
പൊട്ടിച്ചു ചങ്കില്‍ തറച്ചു രസിപ്പവർ.
അറിവിലുണ്ട് ഭക്തിയും സത്യവും .
മുക്തിക്കായ് ഭക്തി മാർഗ്ഗം സ്വീകരിച്ചവർ
അറിവില്ലാതെ മറ്റൊന്നും ഇല്ലീയുലകിൽ
സത്യമാര്‍ഗത്തില്‍ ചരിക്കാന്‍ കൂട്ടിനായ്
അറിവാണ് സത്യം ,സത്യം മാത്ര മറിവുമേ


ആസിഫ് വയനാട്

Monday, September 22, 2014

ദു:ഖം കവിത


"ആത്മാവിനുള്ളിലെരിയുമരഗ്നിയില്‍
കരിച്ചുണക്കുവാനാവാത്ത ദു:ഖമായ്
ഒലിച്ചിറങ്ങുന്നു നോവിന്‍റെ ചീളുകള്‍
കണ്പീലി തന്നില്‍ തിളങ്ങും കണങ്ങളായ്‌..... "


ഒരു മഴക്കാറായി വിരുന്നു വന്നെത്തി
വസന്തമീവഴി അകന്നു പോകവേ
മറന്നു പോകുവാന്‍ കൊതിച്ചു രാത്രിയില്‍
സ്വപ്നമായ് വന്ന പ്രണയ തീഷണയെ
അടര്‍ന്നു വീണെങ്കില്‍ ഈ മഴത്തുള്ളികള്‍
ഹൃദയത്തിന്‍ മാന്തോപ്പില്‍ എന്ന് നിനച്ചുഞാന്‍


Wednesday, June 11, 2014

കാവ്യവസന്തം നിങ്ങള്‍ക്കു വായിക്കുവാനായി

Kavyavasantham first pdf e book malayalam poetry of online poets by ceekey madayi കാവ്യവസന്തം////ലിംക വേള്‍ഡ് റികോര്‍ട് ഉടമ രാജു സാറിന്‍റെ കവിതാ സമാഹാരത്തില്‍ എന്‍റെ കവിതയും /പ്രവാസ ജീവിതത്തിന്‍റെ, അറിവിന്‍റെ, കഴിവിന്‍റെ,
സമയത്തിന്‍റെ പരിമിതിയുടെ വേനൽ ചൂടിൽ
കരിയില വീഴുമെങ്കിൽ പെറുക്കിക്കൂട്ടുവാനൊരുങ്ങുകയാണ്,
ഇനിയൊരു യാത്രയ്ക്ക് കാലം വഴിയൊരുക്കുമെങ്കിൽ
അവിടെ വിളയൊരുക്കാനത്‌ വളക്കൂറാകുമല്ലോ !?
ഈ എളിയ ശ്രമം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും
ഭാഷാസ്നേഹികൾക്കും പ്രചോദനമാകുമെങ്കിൽ
ചരിത്രഫലകത്തിൽ വർണ്ണ ലിപികളായ് മാറുമെങ്കിൽ
സഫലമാകുന്നൊരീ യാത്ര, ഈ യാത്ര തുടരുവാൻ
അക്ഷരവീഥിയിൽ പിന്നെയും വഴിയൊരുക്കും.....
പുതിയൊരീയാരാമവസന്തത്തിൽ സ്വപ്നവർണ്ണങ്ങളായ് വിരിയും
കാവ്യകുസുമങ്ങൾ തൻ മധുവും മണവും നുകർന്നുകൊള്ളാൻ വായനാശലഭമേ വന്നീടുക, നിൻ സ്നേഹാസ്വാദനം പകർന്നീടുക.
പഴമയും തനിമയും കാത്തുകൊണ്ടീ പുതുമകൾ തേടുന്ന യാത്രയിൽ ഞാൻ
മലയാള മണ്ണിന്റെ ചൈതന്യദീപത്തിൽ ഒരു തിരിനാളം തെളിച്ചിടട്ടെ!
'കാവ്യവസന്തം' പൂവണിഞ്ഞെത്തുമ്പോൾ അനുഗ്രഹിച്ചീടുക!
ഇതിലെ നന്മകളെല്ലാം മലയാളത്തിന് കാഴ്ച്ച വെയ്ക്കുന്നു;
പോരായ്മകൾ മാത്രം ഞാൻ എടുത്തുകൊള്ളട്ടെ....
ഓരോ വായനയിലും ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് വിനയാന്വിതനായ് കാത്തിരിക്കുന്നു...
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹത്തിന്റെ ഭാഷയിൽ
നന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊണ്ട്,
സർവ്വശക്തനോടുള്ള പ്രാർത്ഥനയോടെ….
(കടപ്പാട് .സീക്കോ മടായി)
kavyavasantham/
issuu.com
'കാവ്യവസന്തം' - ഓണ്‍ലൈൻ കവികളുടെ ആദ്യ പിഡിഎഫ് ഇ-ബുക്ക്‌ ( PDF e-book)...
ISSUU

Saturday, February 15, 2014

പരിഭവം പറയാതെ (ചെറുകഥ)

          കുഞ്ഞാണിയെ ഇജ്ജൊരു പഞ്ചാര ഇടാത്ത ചായേം ഒരു പോറാട്ടം കൂടി ഇങ്ങട്ടു കാട്ടിക്കാണി.,കോയക്കന്‍റെ പതിവ് ഡയലോഗ് കേട്ട് കുഞ്ഞാണി ചായത്തട്ടില്‍ക്കൂടി പുറത്തേക്ക് തലയിട്ടു ,എന്നിട്ട് പതിവ് തമാശ തട്ടി .അല്ല കോയാക്ക ഇങ്ങള് ഈ പഞ്ചാരടി നിറുത്തീട്ടു എത്രമ്മണി കാലായി ,പൊ ഇബീലീസേ ആടന്നു ഇജ്ജ് എന്‍റെ തൊള്ളമ്മ്ന്നു മാണ്ടാത്തതൊന്നും പൊലച്ചക്ക് പൊറത്താക്കണ്ട.,.,.പൊയ്ക്കോജ്ജ്.,,.,ചലക്കാണ്ട് ചായ എടുത്താണി.

കുഞ്ഞാണി വേഗം ചായേം പൊറാട്ടേം കോയക്കന്‍റെ മുന്നില്‍ കൊണ്ടന്നു വച്ച്, അല്ല പഹയാ ഇതുമ്മല്‍ കൊറച്ച് മീന്‍റെ ചാറു പാര്‍ന്നാല്‍ അത് ഒരു അന്‍റെ കടിക്ക്യോ ,.,കോയാക്ക വീണ്ടും തൊള്ള തൊറക്കണതിനു മുന്‍പ് മീന്‍റെ ചാറു കൊണ്ടാന്നൊഴിച്ചു കൊടുത്തു.അല്ല പഹയാ അന്‍റെ കയിലുമ്മല്‍ മീന്‍റെ കണ്ടം ഒന്നും കുടുങ്ങൂല, ഇങ്ങള് ഒന്ന്‍ പോയാണി കുഞ്ഞാണി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി .

ചായകുടി കഴിഞ്ഞ കോയാക്ക പതിവ് പല്ലവി കുഞ്ഞാണിയെ ഇതുമ്പാടെ ആട്ട് കുറിച്ചോളി,കോയാക്കാ അടുത്ത മാസം ആണ് കുറിക്കല്ല്യാണം മറക്കണ്ട കായ് ഒത്തിരി ആയിക്കി.ഇജ്ജ് കെടന്നു മോങ്ങണ്ട,.,സുക്കൂറു പേര്‍ഷ്യന്ന്‍ ഇമ്മാസം കായ് വിടും ,മൂന്നു മാസം ആയി ഓന്  പോയിട്ട് ,പണിയൊക്കെ സുഖമാണ് എന്നോന്‍ മിന്നാള് ബിളിച്ചപ്പം  പറഞ്ഞീനി.,.ഇമ്മാസം  അറബി കായ് കൊടുക്കും .,.,ഓനാടെ ദിത്താ പണി കോയാക്ക കുഞാണിക്ക് ജിജ്ഞാസ,.,ഓനാടെ അറബിന്‍റെ വീട്ടില്‍ മുയുത്ത വണ്ടിന്‍റെ ഡ്രൈവര്‍ ആണ് .അറബിച്ചിക്കും  അറബിക്കും ഒക്കെ ഓനെ പുടിച്ചിക്ക് എന്നാ  ഓനന്ന്  ചൊല്ല്യൂട്ടത് ,ഇബടെം ഒന് ബസ്സുമ്മല്‍  മണ്ടിക്കളിച്ച്ത് അല്ലെ .പെരുത്ത പണി ആണ് .കായ് കമ്മിയാണ് ,.,ഓന് നല്ല കുട്ടിയാണ് കോയാക്ക ഓന്  രച്ചപ്പെടും,.കുഞ്ഞാണി  സമാധാനിപ്പിച്ചു .


എന്തൊക്കെപ്പറഞ്ഞാലും ഓനിവിടെ ഉണ്ടെങ്കില്‍ ഞമ്മക്ക് ഒരു ബലൈനി,ഓന്‍റെ മുണ്ടാട്ടം ഇല്ലാത്ത പൊരേല്‍ കുത്തിയിരിക്കുമ്പം നെഞ്ചിലെ ഒരു പെടച്ചിലാ കുഞ്ഞാണിയെ.എത്ര നാളാ ഈ ഇടിഞ്ഞു പൊളിഞ്ഞ പൊരേല്‍ കെടക്കാ .,.,ഒരു പെണ്ണ് ബന്നു കേറിയാല് ഓലിക്ക് മുണ്ടീം പറഞ്ഞും ഇരിക്കാന് ഒരു മുറി മാണ്ടെ   അതുമതി ,അതാ പിന്നെ ഓനാ പൂതി പറഞ്ഞപ്പം .  അനിയന്‍ അയമുട്ടീന്‍റെ   അടുത്തൂന്ന് പൊരെന്‍റെ  കടലാസ് കൊടുത്ത് കായ് മേങ്ങീത്.പെരുത്തു കായ് ആയിക്കാണും അല്ലെ ബിസക്ക് .,.,എമ്പതായിരം ഉരുപ്പ്യന്‍റെ മേലെ ആയിക്ക് ,ഓന്‍റെ കയ്യില് കൊറച്ച് കായിണ്ടേനി,.,.കോയാക്കന്‍റെ  കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു ,കണ്ണീര്‍ച്ചാലുകള്‍ കവില്‍ത്തടങ്ങളിലൂടെ ഒലിച്ചിറങ്ങുമ്പോള്‍ തലമ്മല്‍ വട്ടത്തില്‍ കെട്ടിയ തോര്‍ത്ത് മുണ്ടിന്‍റെ തുമ്പിനാല്‍ തടഞ്ഞു നിര്‍ത്താന്‍ കോയാക്ക മറന്നില്ല .

കുഞ്ഞാണിയുടെ ചായക്കടയില്‍ നിന്നും നേരെ പോയത് അനുജന്‍ മയമുട്ടീന്‍റെ  മസാലപ്പീടികയിലേക്ക്  ആണ് ,ചെന്ന പടി അയമുട്ടി സുക്കൂറിന്‍റെ കായ് ബന്നിക്കാ.പീടികേലും കുറെ കായ് ആയിക്ക് ,ഓന് പോയിട്ടിപ്പം മൂന്ന്‍ മാസം ആയിക്കില്ലേ ,.,ഓന് പോയിക്കയിഞ്ഞു പോയ മാനാട്ടിലെ ബീരാന്‍റെ മോന് ലച്ചങ്ങളാ  അയച്ചത് ,അതുകേട്ടപ്പോള്‍ കോയാക്കന്റെ നെഞ്ച് ഒന്നു പിടച്ചു ,ഇത് എന്‍റെ കൂടപ്പിറപ്പ് തന്നെയാണോ പടച്ചോനെ ,ഇമ്മാസം കായ് കിട്ടും എന്നാ ഓന്മിന്നാള് ബിള്ച്ചപ്പം പറഞ്ഞത് ,ഇബടെന്നു ഓല് പറഞ്ഞ കായൊന്നും ഇല്ലാന്നാ പറഞ്ഞത്, മസാലപ്പീടികാന്‍റെ മുന്നിലെ ഉപ്പും പെട്ടീമ്മല്‍ കുത്തിരിക്കുമ്പം ഉച്ചക്ക് ബക്കാന് പൊരേല്‍ അരിയില്ല എന്ന് പറഞ്ഞത് കോയാക്ക വിഷമത്തോടെ ഓര്‍ത്ത്,പെട്ടീമ്മല്‍ കെടന്ന പേപ്പര്‍ എടുത്ത് ബെര്‍തെ തലങ്ങും വെലങ്ങും നോക്കി .കാരണം കൊയക്കക്ക് ബായിക്കാന്‍ അറിയില്ലല്ലോ .

പൊരെന്നു എറങ്ങുമ്പം വിചാരിച്ചത് ഒരു കിലോ അരീം മാങ്ങി അയമുട്ടീന്‍റെ അടുത്തൂന്നു പത്തുറുപ്പ്യേം മാങ്ങാന്നാ .ഇങ്ങനെ കൂടപ്പ്രപ്പിനോട് പോലും പറയണ ഓനോട്‌ എങ്ങനാപ്പം കടം ചോയിക്ക്യ .,കുഞ്ഞയിശക്കാണെങ്കി രണ്ടീസായി പനി .,.,സര്‍ക്കാര്‍ ആശുത്രീല്‍ പോയി മരുന്ന് മാങ്ങാ.,ഓക്കും ബയ്യാണ്ടായിക്ക് ,നടന്നു പോകാന്‍ കജ്ജൂല .രണ്ടു ഫര്‍ലോങ്ങ്‌ നടക്കണം .അയമുട്യേ  എന്നാല്‍ ഞാന്‍ ബരാട്ടാ കുഞ്ഞൂനു തീരെ ബയ്യ,രണ്ടീസായി പനിച്ച്‌ കിടക്കാ ,.,ഞാന്‍ അങ്ങട് ചെല്ലട്ടെ .

കോയാക്ക വിഷമത്തോടെ വീട്ടിലേക്ക് നടന്നു .പോണ വഴിക്ക് ആണ് മൂത്തോന്‍ അയമുന്‍റെ പൊര ഒന്നു കേറി പോകാ , കോയാക്ക ഇക്കാന്‍റെ വീട്ടിലേക്കു  നടന്നു .,പടികള്‍ കയറി ബരണ കൊയാക്കാനെ കണ്ടതും മൂത്തച്ചി പാത്തുമ്മ പിറുപിറുത്തു,എന്തേലും വയ്യാധീനം പറഞ്ഞ് കായ് മാങ്ങാന്‍ ഉള്ള ബരവാ.,ഇങ്ങള് ഓന്‍റെ കുശുകുശുപ്പ് കേട്ട് പോക്കറ്റില്‍ ഉള്ള കായ് തൊള്ളമ്മക്ക് ചീരണ്ട അതും പറഞ്ഞ് ചവിട്ടിത്തുള്ളി പാത്തുമ്മ അകത്തേക്ക് നടന്നു .പാത്തൂന്‍റെ ആ പോക്ക് തന്നെ കണ്ടിട്ട് ആണ് എന്ന് കൊയാക്കക്ക് അറിയാം .അസ്സലാമു അലൈക്കും .ചാരു കസേരയില്‍ ഇരിക്കുന്ന അയമു കൊയാക്കാനെ കണ്ടൊന്നു നിവര്‍ന്നിരുന്നു.

 മുറുക്കാന്‍ പെട്ടി തുറന്നുകൊടുത്തുകൊണ്ട് വ അലൈക്കുമുസ്സലാം ഇജ്ജ് കുത്തിരിക്ക്‌ ഈ ബയിക്ക് ഒക്കെ ബന്നിട്ടു കൊറെ നാളായല്ലോ എബടെനിജ്ജു കുണ്ടന്‍ ഗള്‍ഫില്‍ പോയപ്പോള്‍ കുടുംബക്കാര്‍ ഒക്കെ മാണ്ടാന്നായിക്ക് അനക്കല്ലേ.,അതല്ലിക്കായിയെ കുന്നുമ്മന്നു കീപ്പട്ട് പോരാന്‍ ബയിക്കും എന്നാല് മേപ്പാട്ട് കേറുമ്പം കയ്യൂല അതാ ബരവ് കുറഞ്ഞത്‌ .,.,പിന്നെ സുക്കൂര്‍ ആടെ പണീല്‍  ആയിക്ക് കായ്യ് ഒന്നും അയച്ചില്ല ,ബയ്യാത്തോണ്ട് പണിക്കൊന്നും പോണില്ല ഇപ്പോള്‍ .മയമുട്ടിന്‍റെ പീടികേന്നു ഇത്ര നാളും അരി മേങ്ങി ഇപ്പോള്‍ ഓനും ഒരു രസക്കേട് .,.,കുഞായിസ രണ്ടീസായി പനിച്ച്‌ കിടപ്പാണ് മരുന്നും മാങ്ങീല,.,അന്‍റെ കയ്യില് കായ് ഉണ്ടേല്‍ പത്ത് ഉറുപ്പിക തരി ,ഒളെക്കൊണ്ട്  സര്‍ക്കാര് ആശൂത്രി വരെ നടന്നു പോകാന്‍ ബൈക്കൂല .സുക്കൂറിന്‍റെ  കായ്യു ബരുമ്പോള്‍ ഞാന്‍ ആട്ട് തരാം .,.കോയാക്കന്‍റെ തൊണ്ട ഇടറി ,.,ശേ എന്താടാ ഇത് ഇജ്ജ് കരെയ്യെ അന്‍റെ കൂടപ്പിറപ്പല്ലേ ഞാന് ,ഇജ്ജ് വെശമിക്കണ്ട എല്ലാം നേരെയാവും പടച്ചോന്‍ എന്നും ഇങ്ങനെ കഷ്ടം ഉണ്ടാക്കുവോ.,.,പാത്തുമ്മാ ആ പെട്ടീന്ന് ഒരു നൂറ് ഉറുപ്പിക ഇങ്ങേടിക്കീ,.,.

പാത്തുമ്മ കേള്‍ക്കാത്ത മാതിരി നിന്നു.അന്നോടല്ലെ ബലാലെ അതിങ്ങട് എടുക്കാന്‍ പറഞ്ഞത് അയമുട്ടിക്ക ഉള്ളിലേക്ക് നോക്കി ദേഷ്യപ്പെട്ടു ,കനത്ത മുഖത്തോടെ പാത്തുമ്മ പൈസ കൊണ്ടന്ന്മടീലേക്ക് ഇട്ടു കൊടുത്തു,അയമുട്ടിക്ക ദേഷ്യത്തോടെ അവരുടെ മുഖത്തേക്ക് നോക്കി .അവര് ഉള്ളിലേക്ക് പോയിക്കയിഞ്ഞപ്പം അയമുട്ടിക്ക അനുജനെ സമാധാനിപ്പിച്ചു ഓള് അങ്ങനെ ആയിപ്പോയി ഇജ്ജു ഒന്നും കരുതണ്ട .പോയി ഓള്‍ക്ക് മരുന്ന് ബാങ്ങി കൊടുക്ക്‌ ..,പോണ ബയിക്ക് കടേന്നു കൊറച്ച് അരീം മാങ്ങിക്കോളി,.കോയക്കന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി .,.,ഇക്കയുടെ കയ്യ് പിടിച്ച് കണ്ണുകളില്‍ വച്ചുകൊണ്ട് വിങ്ങിപ്പൊട്ടി ,.,അയമുട്ടിക്കയും അറിയാതെ കരഞ്ഞുപോയി ,അനുജന്‍റെ തോളില്‍ തട്ടി സ്നേഹത്തോടെ പോയ്ക്കോളാന്‍ പറഞ്ഞു .ഓന്‍ കൂടുതല്‍ അടുത്തു നിന്നാല്‍ തന്‍റെ നിയന്ത്രണം വിട്ടുപോവും എന്ന് അവര്‍ക്കറിയാരുന്നു.

കോയാക്ക വേഗം കടയിലേക്ക് നടന്നു പാവം പനിച്ചു കിടക്കുമ്പോള്‍ ഇച്ചിരി കഞ്ഞിയെങ്കിലും കുടിച്ചില്ലേല്‍ തളര്‍ന്നു പോവും അല്‍ഹംദുലില്ല.,ഇക്കാക്ക പൈസ തന്നത് വളരെ ഉപകാരമായി അയമുട്ടിയെ ഒരു മൂന്നു കിലോ അരി എടിക്കി .,.പെട്ടെന്നാണ് .,., അയമുട്ടിയുടെ  വാക്കുകള്‍ ചാട്ടുളിപോലെ കോയാക്കയുടെ നെഞ്ചിലേക്ക് തുളച്ചു കയറിയത് .ഇജ്ജ് ഒന്നും കരുതണ്ട ഇനി കായ് ഇല്ലാതെ ഒന്നും തരാന്‍ പറ്റില്ല ..,ഇന്‍റെ കയ്യില്‍ കുറച്ച് കായ് ഉണ്ട് അയമുട്ടിയെ ഇക്കാക്ക ഇപ്പോള്‍ തന്നതാണ്, ഓളെ ആശുത്രീല്‍ കാണിക്കാന്‍ ,,.കോയാക്കന്‍റെ  നെഞ്ച്  തകര്‍ന്നുപോയി  സ്വന്തം കൂടപ്പിറപ്പ്.,.,റബ്ബെ  എന്‍റെ സുക്കൂര്‍  ഓനെ ഇജ്ജു ഒന്നു കര കയറ്റാന്‍  തുണക്കണേ  റെഹ്മാനെ,.,.,മനസ്സുരുകി  തേടിപ്പോയി   ,ഇജ്ജ് അരി എടുത്താള അത് കൊറച്ച് തിളപ്പിച്ച്‌ കൊടുത്തിട്ട് വേണം ഓളെ സര്‍ക്കാരാശുത്രീല്‍ കൊണ്ടോകാന്‍ .,ഒരു മൂന്നാല് ഉരുപ്പികാന്‍റെ ഒണക്കല്‍ മീനൂടി എടുത്തോളി.
അയമുട്ടി വേഗം അരിയെടുത്തു കൊടുത്തു .കുടീക്ക്‌  നടക്കുമ്പളെല്ലാം കുഞ്ഞുന്നാളില്‍  ഓന്റെ പള്ള നിറഞ്ഞിട്ടെ  എനക്ക് എന്തേലും കയിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ, കോയാക്ക വേദനയോടെ  ഓര്‍ത്തു.  സ്കൂളില്‍ നിന്നും കിട്ടിയ അമേരിക്കന്‍ മാവ് പോലും ഓനാ കൊടുത്തിരുന്നത് ആ ഒനാണു ഇന്നിങ്ങനെ.വീടിന്‍റെ   അടുത്തു  എത്തുമ്പോള്‍ മേത്തലെ സൈനാബി ഓടിയിറങ്ങി  വരുന്നുണ്ട്  ഇങ്ങള് എടെ പോയീനി .ഓള് ബുളിച്ചിട്ടു മുണ്ടുണില്ല കോയാക്ക ഇങ്ങള് ഒന്നു മണ്ടി ബരീ ,.,.എടെ ഓള്  ഇന്‍റെ കുഞായിസ്സ കോയാക്ക അരീന്‍റെ കവര്‍ പോലും പിടിവിട്ട് കിതച്ചുകൊണ്ട് മുറ്റത്തേക്ക്  കയറിയപ്പോള്‍,.ഒരു തണുത്ത മരണത്തിന്‍റെ മണമുള്ള കാറ്റ് കോയാക്കയുടെ തോളില്‍ പതുക്കെപ്പതുക്കെ തട്ടിയുയുരുമ്മി  പടികള്‍ ഇറങ്ങി  താഴേക്കു  കടന്നു പോയി .കോയാക്ക  അകത്ത്  ചെന്ന് കഞ്ഞായിസ്സാനെ  കുലുക്കി വിളിച്ചു ഒരനക്കവും ഇല്ല  കൈകളില്‍  പിടിച്ചപ്പോള്‍ അവ തണുത്തു തുടങ്ങിയിരുന്നു .പടച്ചോനെ ചതിച്ചല്ലോ എന്‍റെ കുഞായിസോ കണ്ണു തോറക്കെന്‍റെ  പൊന്നോ,ഇക്കാക്ക ബന്നിക്കിടി അരിയായിട്ടു എണീക്ക്  മാളെ .,,.ഒരര്‍ച്ചയോടെ കോയാക്ക കുഞ്ഞായിസാന്‍റെ മേലേക്ക് വീണു .,.ഒന്നു പിടഞ്ഞു പിന്നെ ആരോടും പരിഭവം പറയാതെ ,മോഹങ്ങള്‍ ഇല്ലാത്ത ആരും വേദനിപ്പിക്കാത്ത നാട് തേടി കുഞ്ഞായിഷ  പോയ  വഴിയെ     പറന്നുയര്‍ന്നു,.,.,

ശുഭം ,.,.

ആസിഫ് വയനാട് 

Wednesday, February 5, 2014

(എന്‍റെ ഒരു കൊച്ചു ഗാനംകാട്ടാറിനീണമെന്‍ഹരിത സംഗീതം 
കാവ്യാദ്രമായുള്ളോരാ ആത്മഗീതം, 
ഹൃദയത്തിനുള്ളിലുംനൊമ്പരമെങ്കിലും
ചിരിതൂകി നില്‍ക്കുന്ന മഴ വില്ലു ഞാന്‍ 
(പല്ലവി ) 

(കാട്ടാറിനീണമെന്‍ ഹരിതസംഗീതം ) 

സപ്തസ്വരങ്ങളെ പാടിയുണര്‍ത്തുവാന്‍
ഞാനും വെറുതേ കൊതിക്കുന്നുവോ
ആത്മാവില്‍ വിരിയുന്ന പ്രണയാദ്രമാം
സംഗീതം മൂളാന്‍ കൊതിക്കുന്നുവോ

(അനുപല്ലവി )

(കാട്ടാറിനീണമെന്‍ ഹരിതസംഗീതം )

അനുസ്യൂതം തഴുകുമീ കുളിര്‍ക്കാറ്റിന്‍
കൈകളില്‍ സ്നേഹത്താല്‍ അമരുന്നുവോ
സ്നേഹാദ്രമായുള്ള പ്രണയ സംഗീതമേ
എന്നാത്മാവിന്‍ സാഫല്യല്ലയോ നീ .

(ചരണം )
(കാട്ടാറിനീണമെന്‍ ഹരിതസംഗീതം )

തീര്‍ത്ഥമാണോ അതോ സാഗരം തന്നെയോ
നിന്‍ കണ്കോണില്‍ നിറയുന്ന നീര്‍ മണികള്‍
കാവ്യമാണോ അതോ സംഗീതമോ
നിന്‍ ചുണ്ടില്‍ വിരിയുന്ന ഈ വരികള്‍

(അനു ചരണം )
(കാട്ടാറിനീണമെന്‍ ഹരിതസംഗീതം )
/////////////////////////////////////////////
ആസിഫ്‌ വയനാട്

Thursday, January 9, 2014

സ്വപ്നത്തേരില്‍

വിരഹമാം  നൊമ്പരത്തിന്‍റെ തീച്ചൂളയില്‍.,.
പെട്ടുഴലുന്നു ഞാനും അതുപോലെ തന്നെ നീയും .
സ്വപ്നമാം തോണിയില്‍ എത്തിഞാന്‍ നിന്‍ ചാരെ
സ്നേഹക്കടലൊന്നു നീന്തിക്കടന്നെത്തി.

കോരിയെടുത്തൊരു  മുത്തമങ്ങേകി ഞാന്‍
നാണമോടീറന്‍ മിഴികളാല്‍ നീയെന്‍റെ
മാറോടു വദനങ്ങള്‍ ചേര്‍ത്തു വിതുമ്പിയോ
കൈകളെന്‍ ദേഹിയെ ചുറ്റിപ്പടര്‍ന്നുവോ ?

സ്വരമൊന്നിടറിയാല്‍ പൊടിയുന്ന നെഞ്ചകം
കണ്ണുകള്‍ ഈറനായ് തൂകുന്നതറിഞ്ഞു ഞാന്‍
ചുടു നിശ്വാസത്തിന്‍റെ താളമെന്‍  നെഞ്ചിലായ്
ഒരു കൊടുംങ്കാറ്റായി വന്നു പതിച്ചപോല്‍.

അറിയാതെ ഞെട്ടിയുണര്‍ന്നിരുന്നു പോയ്‌ ഞാനുമേ
ചുറ്റും പരതിയോ ഈറനാം കണ്ങ്കളാല്‍
സ്വപ്നമാണെന്നറിഞ്ഞീടുന്ന വേളയില്‍
തെല്ലു നാണത്തോടെ ഞാനങ്ങിരുന്നുപോയ് .,.,


ആസിഫ് വയനാട്

Tuesday, January 7, 2014

മഴവില്ല് ന്യൂ ഇയര്‍ പതിപ്പിനെക്കുറിച്ച് 

വര്‍ണ്ണശഭളമായ മഴവില്ലിന്‍ ന്യൂ ഇയര്‍ പതിപ്പ് കൈകളില്‍ എത്തിയപ്പോള്‍ നെഞ്ചിടിപ്പോടെ കണ്ണുകള്‍ പരതിയത് അതിലെ വിഭങ്ങളുടെ ഇടയില്‍ എന്‍റെ ഒരു കൊച്ചു കുത്തിക്കുറിപ്പുകള്‍ ഉണ്ടോ എന്നായിരുന്നു .കവര്‍ സ്റ്റോറിയിലൂടെ സ്ത്രീ സുരക്ഷാബോധങ്ങളും വിപണന തന്ത്രങ്ങളും ,ആധികാരികമായി അവതരിപ്പിച്ചു ആധുനിക യുഗം തന്നെ സ്ത്രീ ശരീരങ്ങളെ വിപണന തന്ത്രമാക്കുന്ന കാഴ്ച്ചകള്‍ ആണ് നാം കണ്ടുകൊണ്ടിരിക്കുന്നത് ,.,.തഥവസരത്തില്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ ആണ് ബെഞ്ചാലി എന്ന ബ്ലോഗ്‌ രാജാവ് അവതരിപ്പിച്ചത് നിരവധി അറിവുകളുടെ ഒരു കൊടുമുടിയായി ,.ആധുനിക രാഷ്ട്രീയ സംഭവങ്ങളെ മൂന്നാം കണ്ണിലൂടെ ശക്തമായഭാഷയില്‍ അവതരിപ്പിക്കുന്ന ബെഞ്ചാലി സാറിന് ഒരായിരം നന്ദി .

.,.,.രണ്ടായിരത്തി പതിമൂന്നിന്‍റെ തുടക്കത്തില്‍ മലയാളം ബ്ലോഗേഴ്സ് നടത്തിയ കവിത മത്സരത്തില്‍ എന്നോടൊപ്പം സമ്മാനങ്ങള്‍ പങ്കുവച്ച സുഹൃത്ത് കര്‍ണ്ണന്‍ മടത്തറയുടെ മേഘങ്ങള്‍ എന്ന കവിത ഒരു ചെറുചാറ്റല്‍ മഴയുടെ കുളിരുനെല്‍കി മനസ്സിന് മനോഹരമായി ,.

,.നളിനകുമാരി മാഡത്തിന്‍റെ കഥ സ്വാര്‍ത്ഥ പ്രപഞ്ചം വായിച്ചപ്പോള്‍ ദൂരെ എന്‍റെ കൊച്ചു വീട്ടില്‍ എനിക്കായി കാത്തിരിക്കുന്ന കുഞ്ഞുങ്ങളെയും പ്രിയതമയെയും ആണ് ഓര്‍മ്മവന്നത് അന്നം തേടി അലയുന്ന പ്രവാസിയുടെ നൊമ്പരം കൂടി കാക്കയിലൂടെ കഥാകാരി വരച്ചു കാട്ടിയില്ലെ എന്ന് ഒരു നിമിഷം ചിന്തിച്ചു കൊച്ചു കഥ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി ,.ഹൃദയസ്പര്‍ശിയായി ഈ കൊച്ചു കഥ .

,പ്രിയ സുഹൃത്ത് ഫേസ് ബുക്ക്‌ സ്റ്റാറ്റസ് രാജാവ് ,അബ്ബാസിന്‍റെ അനുഭവങ്ങള്‍ ഉരുളക്ക്‌ ഉപ്പേരി പോലത്തെ മറുപടി വളരെ ഹൃദയ സ്പര്‍ശിയായി ,ഇടക്കിടെ കണ്ടുമുട്ടുന്ന സുഹൃത്തിനെ ,.,.അവന്‍റെ അതെ വാക്ചാരുതയോടെ ഇവിടെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി .,സ്നേഹിതാ നസീമ നസീറിന്‍റെ നിലവിളക്ക് തെളിക്കാന്‍ കാത്ത് എന്ന കഥ വളരെയേറെ ഇഷ്ടമായി ,.ഒരു നിമിഷത്തെ മനസ്സിന്‍റെ ചാഞ്ചാട്ടം ആണ് ആത്മഹത്യയെന്നു ഒരു സന്ദേശം കൂടി ഉള്‍ക്കൊണ്ടു ഈ കഥയില്‍ ,.പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ,ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നത് ഭീരുത്തം ആണ് ,.(,ചെറിയ ചെറിയ അക്ഷരത്തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടു.,/.വിധി എന്നത് വിദി)
മുസഫിര്‍ അഹമ്മദ് സാഹിബിന്‍റെ കലയുടെ കഥ പറയുന്ന ചിലങ്ക മണികള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയുള്ള ഹൃത്യമായ അവതരണമായി,.കാരണം ചെറുപ്പകാലത്ത് ഉള്ള കഴിവുകള്‍ പലര്‍ക്കും പിന്നീട് പരിപോക്ഷിപ്പിക്കാന്‍ കഴിയാതെ പോവുന്നു എന്ന നഗ്നസത്യം.

,.,.,മിഷാലിന്‍റെ അഹം എന്ന കവിത ,..ഞാന്‍ ആരാണ് എന്താണ് എന്നൊക്കെ ചിന്തിപ്പിക്കുന്നതായി .,.,ഇഷ്ടമായി ,,,സുഹൃത്ത് ഷാജഹാന്‍ നന്മണ്ടന്‍ ഉന്മാദം എന്ന കൊച്ചു കവിത കുറഞ്ഞ വരികളില്‍ പ്രണയാദ്രമായി .,,.ഭൂമിയുടെ അവകാശികള്‍ എന്ന റോസിലി മാഡത്തിന്‍റെ ദര്‍പ്പണം ലോകത്തിലെ മാറ്റങ്ങളുടെ ഒരു നേര്‍ചിത്രം ആയി ,.,.,മനുഷ്യന്‍ എന്നും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു എന്ന പ്രപഞ്ച സത്യത്തിനു അടിവരയിട്ടുള്ള ഒരെഴുത്ത് .,.,.ഇഷ്ടമായി .

സുഹൃര്‍ത്തു ,,.,ഡോ മനോജ്‌ കുമാറിന്‍റെ പാറാവുകാരന്‍ എന്ന കവിതയിഷ്ടമായി .,.,നമ്മളും ജീവിതത്തില്‍ കാവല്‍ക്കാര്‍ ആണല്ലോ .,.,.
റഷീദ് തൊഴിയൂര്‍ എഴുതിയ കഥ ഇടവപ്പാതിയിലെ അര്‍ദ്ധരാത്രിയില്‍ ഒരു ഒഴുക്കോടെ വായിച്ചു ,ആധികാരികമായി ഒരെഴുത്തിനെ വിലയിരുത്താന്‍ ഉള്ള കഴിവൊന്നും ഇല്ല .,എവിടെയോ ചില മിസ്സിങ്ങുകള്‍ അനുഭവപ്പെട്ടു .,.,ഇഷ്ടമായി ഇനിയും പിറക്കട്ടെ ആതൂലികയില്‍ നിന്നും ഇതിലും ശ്രേഷ്ടമായ സ്രഷ്ടികള്‍ എന്നാശംസിക്കുന്നു .,.,

.,പ്രവാഹിനിയുടെ മാതൃഹൃദയം എന്ന കവിത ഒരമ്മയുടെ മനസ്സ് തൊട്ടറിഞ്ഞതായി.,.,.ഇഷ്ടപ്പെട്ടു .,.,.അക്ബര്‍ വാഴക്കാട് എഴുതിയ ബദു ഗ്രാമത്തിലേക്ക് ഒരു യാത്ര എന്ന യാത്രാവിവരണം ഇഷ്ടമായി ചിത്രങ്ങളും മനോഹരമായി .,.,.
മജീദു നാധാപുരത്തിന്‍റെ പ്രവാസിയുടെ ഓര്‍മ്മകള്‍ എന്ന കവിത നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ ആയി .
,.,.
പ്രഭന്‍ കൃഷ്ണന്‍റെ ലമന്‍ ഡ്രോപ്സ്,.,എന്ന കഥ പ്രവാസികള്‍ക്കിടയില്‍ നടക്കുന്ന ഒരു സൌഹൃത സംഭാഷണം പോലെ അനുഭവപ്പെട്ടു ..,.ഒരു കഥയുടെ ത്രെഡില്‍ നിന്നും പലപ്പോളും സംഭാഷണത്തിന്‍റെ വഴിയിലേക്ക് വഴുതി മാറിയോ എന്‍റെ തോന്നല്‍ ആണ് ശരിയാവണം എന്നില്ല എന്നാലും ഇഷ്ടമായി .,.,.

ഫിലിപ്പ് ഏരിയല്‍ സര്‍ എഴുതിയ ബ്ലോഗ്ഗ് എഴുത്തുകാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന ലേഘനം വളര്‍ന്നു വരുന്ന എഴുത്തുകാര്‍ക്ക് വളരെ ഉപകാരപ്രദമായി .,.,നല്ലൊരു ശ്രമം കൂടിയായി അത് വലിയൊരു പ്രോത്സാഹനം കൂടി ..,.,
മനോജിന്‍റെ കഥ പൊറിഞ്ചുവിന്‍റെ സത്യാന്യേഷണ പരീക്ഷണങ്ങള്‍ ,.,.,നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ ആയി മദ്യപാനം എന്ന മഹാ വിപത്തിനെതിരെ ,.,.,ഇഷ്ടമായി ,.,.,.
സുഹൃത്ത് ഫൈസല്‍ ബാബുവിന്‍റെ അസ്സന്കുട്ടിയുടെ വിമാനം എന്ന കഥ പതിവ് നര്‍മ്മം ഒട്ടും ചോര്‍ന്നുപോകാതെ,.,മനസ്സിനെ കൂടി ചിരിപ്പിക്കുന്നതായി .,മനോഹരമായി ,.,.,.നിയാസ് തൊടികപ്പുലം ന്യൂ ജനറേഷന്‍ വിവാഹങ്ങള്‍ എന്ന ലേഖനം പുതു തലമുറയുടെ പൊങ്ങച്ചവും കോലം കേട്ടലുകളും കൊമാളിത്തരങ്ങളും വിവാഹം എന്ന മഹത്തായ കര്‍മ്മത്തെ ആഭാസമാക്കുന്ന രീതിയെ ശക്തമായി വിമ്മര്ഷിക്കുന്നതായി വളരെയധികം ചിന്തിക്കേണ്ട തിരുത്തപ്പെടേണ്ട ഒരു വിഷയം വളരെയധികം ഇഷ്ടമായി .,.,.സ്ത്രീധനം എന്ന മഹാവിപത്തിനെതിരെയും ,.,.,ധൂര്‍ത്തിനെതിരെയും നല്ലൊരു ഓര്‍മ്മപ്പെടുത്തലായി ഈ ലേഖനം ,.,.,.,.
ശ്രുതി കെ എസ് എഴുതിയ ,.,.,മുറിഞ്ഞുപോയ താരാട്ട് എന്ന കവിത ഒരു നഷ്ടബോധം ഉള്ളില്‍ പുകഞ്ഞു നീറുന്നതുപോലെ തോന്നി .,.,നല്ല വരികള്‍ ,.,.,.,

.
മുഹമ്മദ്‌ നിയാസ്സിന്‍റെ എന്‍റെ സഹോദരിയെന്ന ഓര്‍മ്മക്കുറിപ്പ്‌ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി,.,.പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ അത് വളരെ വലിയ .,.,.,ഒരു വേദനയാണ് ,.,.,.,.ആര്‍ഷ അഭിലാക്ഷിന്റെ അതെ കാരണത്താല്‍ എന്ന കഥ .,.,വളരെ നന്നായി ഒരു കുഞ്ഞിക്കാലിനായി കാത്തിരിക്കുന്ന ദമ്പതികളുടെ ദു:ഖം മനോഹരമായി അവതരിപ്പിച്ചു .,.,.വീണ്ടും പ്രതീക്ഷകള്‍ .,.,.ഇഷ്ടമായി .,.
സ്നേഹിതന്‍ പ്രവീണ്‍ കാരോത്തിന്‍റെ വിഷകന്യക ജനിക്കുന്നു എന്ന കവിത എന്ന് സമൂഹത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതിന്റെ ഒരു നേര്‍ ചിത്രമാണ് .,.,.സ്ത്രീകള്‍ക്ക് ഇന്നു സമൂഹത്തില്‍ നിന്നും നേരിടുന്ന പീഡനങ്ങള്‍ക്ക്.,.,അവര്‍ സ്വയം പ്രധിരോധിക്കാന്‍ പ്രാപ്തരാവണം എന്ന സന്ദേശവും കൂടി നിഴലിക്കുന്നു ,.,

.,.
സോണിയുടെ അടുപ്പുകല്ലുകള്‍ എന്ന കവിത .,.,ഒരു പ്രവാസിയുടെ ജീവിതം പച്ചയായി വരച്ചുകാട്ടിയില്ലേ എന്ന് സംശയിച്ചു .,.,.എരിഞ്ഞു തീരുമ്പോളും പുഞ്ചിരിക്കുന്ന പ്രവാസികളെ അടുപ്പില്‍ എരിയുന്ന വിറകുകൊള്ളിയോടു ഉപമിച്ചപോലെ തോന്നി .,.,.,മനോഹരം ,.,.
നൈല ഉഷയുമായുള്ള ജെഫു ജൈലാഫിന്‍റെ ഇന്റര്‍വ്യൂ നന്നായി .,.,
റീത്തയുടെ കൂട്ടുകാരന്‍ എന്ന മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള ലേഖനം നന്നായി അതില്‍ എല്ലാരോടും എപ്പോളും എവിടെവച്ചും സംസാരിക്കാം എന്നതിലും എനിക്ക് ഫോണിന്‍റെ ഉപയോഹത്തില്‍ കൂടുതല്‍ രസമായിതോന്നിയത് ആരോടും എപ്പോളും മൊബൈലില്‍ കള്ളം പറയാം എന്നതുകൂടി ചേര്‍ക്കാമായിരുന്നു ,.,.,.തമാശിച്ചതാ.,..,ബോറായി അല്ലെ .,.
,.,.
അഷ്‌റഫ്‌ വെമ്പലൂറിന്റെ യക്ഷിക്കഥ നന്നായി 
ഉച്ചഭാഷിണിയിലൂടെ ജിമ്മി ജോണ്‍,,രെമേഷ് അരൂര്‍,വിധു ചോപ്ര ,ഹരിശങ്കരന്‍ അശോകന്‍ ,എം ആര്‍ അനില്‍കുമാര്‍ ,ഉസ്മാന്‍ മുഹമ്മദ്‌ എന്നിവരുടെ നുറുങ്ങുകള്‍ രസിപ്പിച്ചു .,.,.പിന്നെ നമ്മുടെ പാചക റാണി കൊച്ചുമോള്‍ കൊട്ടാരക്കര ഇപ്രാവശ്യവും ഞെണ്ട് കൊണ്ട് ഞമ്മളെ വെറുതെ കൊതിപ്പിച്ചു .,.,.,.

ഇതു മഴവില്ലു വായിച്ചപ്പോള്‍ എനിക്ക് തോന്നിയ അഭിപ്രായങ്ങള്‍ മാത്രമാണ് .,.,.,ചിലപ്പോള്‍ തോന്നലുകള്‍ ആവാം എല്ലാ എഴുത്തുകാര്‍ക്കും അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ,.,.,ആര്‍ട്ടിസ്റ്റ്.,.,കവര്‍ ഡിസൈന്‍ ..,.മനോഹരമായ ചിത്രങ്ങള്‍ സമ്മാനിച്ചവര്‍ക്കും.,.,.എന്‍റെഅഭിനന്ദനങ്ങള്‍ ഇനിയും പിറക്കട്ടെ .,.,.,മഴവില്ലിന്‍ വര്‍ണ്ണ ജാലകം .,.,.,വാനില്‍ നിറയെ ജനഹൃദയങ്ങളിലും 

സ്നേഹത്തോടെ ആസിഫ് വയനാട്