Sunday, December 21, 2014

മഴക്കാടിലീറനായ് ( ചെറുകഥ)


///////////////////////////////
                 മഴ മഞ്ഞു മൂടുമീ   പൊന്‍ പുലരിയില്‍  ഡിസംബര്‍  മാസത്തിന്‍റെ  കുളിര്‍ത്തെന്നല്‍ തലോടലില്‍ 
ഉണരാന്‍ മടിച്ചു നില്‍ക്കുന്ന  മിഴിക്കോണുകളുമായി  അവള്‍ എന്‍റെ നെഞ്ചില്‍  പറ്റിച്ചേര്‍ന്നു കിടന്നു .
”അല്ല  എഴുന്നെല്‍ക്കണ്ടേ  മാഷേ  ഇങ്ങനെ കിടന്നാല്‍ മതിയോ ?
 ങ്ങും   ഇച്ചിരി നേരം ഞാന്‍ ഇങ്ങനെ കിടക്കട്ടെ .
“അല്ല നിനക്കിന്ന് ഓഫീസില്‍  പോണ്ടേ ?

ങ്ങും പോണം മടിയാവുന്നൂടാ  എന്തൊരു തണുപ്പാ അല്ലെ ?
അതും പറഞ്ഞുകൊണ്ട് അവള്‍  ഇരുകയ്യും കൊണ്ടെന്നെ  ചുറ്റി വരിഞ്ഞു അവളിലേക്ക്‌  വലിച്ചടുപ്പിച്ചു.എന്‍റെ  താത്പര്യക്കുറവുകൊണ്ടാണോ എന്നറിയില്ല,
“എന്താടാ നിനക്കൊരു വല്ലായ്ക  ഓഫീസില്‍ വല്ല പ്രശ്നവും ഉണ്ടോ ?

ഏയ്‌  ഒന്നുമില്ല  മനസ്സ്  വല്ലാതെ ഒന്ന് വിങ്ങുന്നു  അത് കേട്ടതോടെ അവളില്‍ നിന്നും  ഒരു തേങ്ങല്‍  ഉയര്‍ന്നത് എന്നെ കൂടതല്‍  വിഷമത്തില്‍ ആക്കി  ,.,.,പറയടാ  എന്ത് പറ്റി നിനക്ക് എന്നോട് പറയാന്‍  കഴിയാത്ത വിധം  എന്ത് പ്രശ്നം  ആണ് നിന്നെ വീര്‍പ്പു മുട്ടിക്കുന്നത്‌.
ഏയ് ഒന്നുമില്ല നിന്‍റെ തോന്നലാണ്  അതൊക്കെ .
“അല്ല ഡിസംബര്‍ മാസത്തില്‍ എന്താ ഇത്ര തണുപ്പ്  അവള്‍ ഒന്ന് കൂടി എന്‍റെ നെഞ്ചിലേക്ക് പറ്റിച്ചേര്‍ന്നു.

എടാ നമ്മളെ നോക്കി പുറപ്പെട്ടതാണോ ഈ തണുപ്പ് എന്നു തോന്നിപ്പോവാറുണ്ട് രാവിലെ മഞ്ഞ് കാണുമ്പോള്‍. അത്ഭുതകരമായ ഋതുപൂര്‍ണ്ണതയാണ് ഈ കുളിരിന്. സ്വപ്നങ്ങള്‍  പെയ്തിറങ്ങുന്ന, മരുപ്പച്ചകളിലും കുളിര്‍ മഴയായ് നനുനനുത്ത മോഹച്ചെപ്പില്‍ തഴുകിയിറങ്ങുന്ന സ്നേഹാമൃധം ഇതിനവസാനം ഒരു  പെരുമഴയാണ് എന്നറിയാം എനിക്ക് എങ്കിലും  . ഡിസംബര്‍ നീ  തന്ന  ഈ  പുലരിയില്‍ നിന്നോടോത്ത് പെയ്തു പെയ്തു തീരാന്‍ ആയി  ഞാന്‍  വീണ്ടുംവീണ്ടും.

“അല്ല  പെണ്ണെ  നിനക്ക് ഇന്നെന്തു  പറ്റി പതിവില്ലാതെ നൊസ്റ്റാള്‍ജിയ മൂഡില്‍  ആണല്ലോ ?

 എപ്പോഴൊക്കെ  നിന്‍റെ  നെഞ്ചില്‍  തലച്ചയ്ച്ച്ചു  കിടന്നാലും എന്‍റെയുള്ളില്‍  ഈ നനുനനുത്ത കുളിര്‍ മഴ  തന്നെയാണ് എപ്പോഴും പെയ്തുകൊണ്ടിരിക്കുന്നത് ഓര്‍മ്മകളുടെ മറ്റൊരു ഋതുപകര്‍ച്ച.നിന്നിലൂടെ മാത്രം   ആര്‍ത്തലച്ചുപെയ്യാന്‍ ആത്മാര്‍ഥമായി കൊതിച്ചുപോയ ഒരു മഴമേഘത്തിന്‍റെ ആര്‍ത്തലച്ചെത്തുന്ന മോഹാവേശം .

നെറുകയില്‍ അമര്‍ത്തിയൊരു മുത്തം നെല്‍കിക്കൊണ്ട് പതിയെ എഴുന്നേറ്റു അവളുടെ പരിഭവം നിറഞ്ഞ മിഴികളില്‍ ചെറിയ കുമിളകള്‍ ഉരുണ്ടുകൂടുന്നത് കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ പതിയെ പുറത്തേക്കുള്ള വാതിലിനു നേരെ തിരിഞ്ഞു .
മണല്‍ കല്ലുകള്‍ വിരിയിച്ച മുറ്റത്ത് പുഞ്ചിരിയോടെ എന്നെ കാത്തിരിക്കുന്ന പത്തുമണിച്ചെടിയുടെ മൊട്ടുകളില്‍ മധു നുകരാന്‍ തേനീച്ചകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്‌,അവക്കും തന്‍റെ പ്രിയയുടെ കണ്ണുകളില്‍ കണ്ട സ്നേഹാവേശം ആണോ ?

പതിയെ ഉമ്മറത്തെ ചാരുകസേരയില്‍ ഇരുന്നപ്പോള്‍ അകത്തെ മുറിയില്‍ നിന്നും ഒരു തേങ്ങല്‍ കാതുകളെ പതിയെ കവര്‍ന്നെടുത്തപോലെ.
കുളിരില്‍പൊതിഞ്ഞെത്തിയ കുഞ്ഞിളം തെന്നലിന് പാലപ്പൂവിന്റെ മണമുണ്ടായിരുന്നു എന്നിട്ടും മനസെന്തേ വല്ലാതെ  മൂകമായിരിക്കുന്നു എന്തോ നഷ്ടമായ ഒരു വിങ്ങല്‍ മനസ്സിനെയുലക്കുന്നു  അറിയില്ല എന്താണ് എന്ന് .കുറച്ചു നേരം കണ്ണടച്ചു ഇരുന്നപ്പോള്‍ ഒരു തലോടല്‍ ശിരസ്സിലൂടെ ഒഴുകിയിറങ്ങുന്നത് ഞാന്‍ അറിഞ്ഞു, 
  “അല്ല മാഷെ എന്താ പരിപാടി ഇവിടെയിരുന്ന് എത്ര നേരം ഇങ്ങനെ സ്വപ്നം കാണും ?
 ഓഫീസില്‍ എന്തേലും പ്രശ്നം ഉണ്ടോടാ ?

ഇങ്ങനെ ഒറ്റക്കിരുന്നാല്‍ ദുസ്സഹമായ ഒരേകാന്തത തോന്നും ,
നിന്‍റെ വിഷമങ്ങള്‍ എന്നോട്  പറയാന്‍ പാടില്ല എങ്കില്‍ വേണ്ടാട്ടോ
 ആ  വാക്കുകളില്‍ പതിയിരിക്കുന്ന പരിഭവം എന്‍റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു.
അവളുടെ കൈകളില്‍ പതിയെപ്പിടി മുറുക്കിസാവകാശം മടിയിലേക്ക്‌ പിടിച്ചിരുത്തി നെറുകയില്‍ ഒരുമ്മ കൊടുത്തുകൊണ്ട് അവളുടെ കാതുകളില്‍ പതിയെപ്പറഞ്ഞു ഒന്നുമില്ലെടാ അവള്‍ നാണത്തോടെ പിടഞ്ഞെണീറ്റ് അകത്തേക്കോടി വാതിലിനു മറഞ്ഞു നിന്നുംകൊണ്ടു പതിയെപ്പറഞ്ഞു,
“നാണമില്ലാത്ത  കൊരങ്ങന്‍ വല്ലോരും കാണും എന്നൊരു പരിസരബോധം  പോലുമില്ല !
പതിയെ കസേരയില്‍ നിന്നും എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി തൊടിയിലൂടെ പുഞ്ചിരിതൂകി കളകളം പാടിയൊഴുകുന്ന അരുവിയില്‍ ഞെട്ടറ്റുപോയ കുഞ്ഞുപൂക്കളെ ശിരസ്സില്‍ ഏറ്റി ഒഴുകിയകലുന്നകാഴ്ച്ച മനസ്സിനെ ഒന്നുകൂടി വലിഞ്ഞു മുറുക്കികൊണ്ടിരുന്നു. വായിച്ചു മറന്ന ചില കവിതയുടെ വരികള്‍ അറിയാതെ  മനസ്സിലൂടെ കടന്നുപോകുന്നു.
“പലപലനാളുകള്‍/ ഞാനൊരു പുഴുവായ്,

പവിഴക്കൂട്ടിലുറങ്ങിഇരുളുംവെട്ടവുമറിയാതങ്ങനെയിരുന്നു
നാളുകള്‍ നീക്കി അരളിച്ചെടിയുടെ ഇലതന്നടിയില്‍
 അരുമക്കിങ്ങിണിപോലെ”

 നനുത്ത കോടമഞ്ഞില്‍ പൊതിഞ്ഞ  ഇളം തെന്നല്‍ ചുണ്ടുകളെ വിറയാര്‍ന്നതാക്കാന്  മത്സരിച്ചു കൊണ്ടിരുന്നു രാപ്പാടികളുടെയും ചീവീടുകളുടെയും കലപില നാദങ്ങളും  ചുറ്റിലും  ചീറി അടിക്കുന്നുണ്ടായിരുന്നു,അറിയാതെ അറിയാതെ  ഞാന്‍ മുന്നോട്ടു നടക്കുകയാണ് ,എന്തോ ഒരു മാസ്മരികതയില്‍ ഞാന്‍  ഒഴുകുകയാണ് എന്ന് തോന്നി.വാഴച്ചില്ലയില്‍ ഞാലിപ്പൂവന്‍ എന്നെ നോക്കി സ്മ്രുതുവായി ചിരിച്ചുവോ ? കൊതിയോടെ എന്‍റെ കൈകള്‍ അവളുടെ മേനിയില്‍ അറിയാതെ ഇഴഞ്ഞു ചെന്നെത്തിയത് ലോലമായ ചെവികളില്‍ ആണ് ,പതുക്കെപ്പതുക്കെ പിരിച്ചു ഞാന്‍ അവളുടെ കഴുത്തു മുറിച്ചപ്പോള്‍ അവള്‍ എങ്ങിക്കരഞ്ഞുവോ ?

 അടുത്തടുത്ത മരച്ചില്ലകളില്‍ കൂമനും മൂങ്ങയും  ഉച്ചത്തില്‍ കുശലം പറയുന്നതും വാനരന്മാര്‍ കൂട്ടമായി മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് ചാടിമറയുന്നതും ഇണകിളികള്‍  കൊക്കുരുമ്മി  രസിക്കുന്നതും  അണ്ണാറ കണ്ണന്‍മാര്‍ .,.കിന്നാരം പറയുന്നതും  ഈ മഴക്കാടിന്‍റെ   വര്‍ണ ഭംഗി  നൂറിരട്ടിയാക്കുന്നുവെന്നെന്നിക്ക് തോന്നി .  വര്‍ണമനോഹരിയായ  വനദേവതയുടെ,.ഹരിത ഭംഗി ആവോളം സൌന്ദര്യം  ആവോളം   നുകര്‍ന്നു നുകര്‍ന്ന്  ഇടവഴിയിലൂടെ ഞാന്‍ വീണ്ടും നടന്നു. ‌

“എന്താടോ  ഇങ്ങനെയൊരു ഉറക്കം അരുണിന്‍റെ  കൈകള്‍ എന്നെ കുലുക്കി വിളിക്കുന്നു”
ഞാന്‍  വരാം കുറച്ചു നേരംകൂടി ഇങ്ങനെ നടക്കട്ടെ
ങേ നീ എന്ത് കുന്തമാ ഈപ്പറയുന്നത് ?

നീ എന്നാല്‍  അവിടെ കിടന്നു  നടന്നോ മനേജ്ജര്‍ നിന്നെ ഇതിലും കൂടുതല്‍  നടത്തും  ഒന്നെഴുന്നേറ്റു  കുളിക്കട  ഭ്രാന്തും പറഞ്ഞുകൊണ്ട് കിടക്കാതെ  രാവിലെത്തന്നെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാന്‍  ഓരോരുത്തര്‍ . അവന്‍ പിറുപിറുത്തുകൊണ്ട്‌ അകന്നു പോകുന്നത് ഞാന്‍ ഒരു മയക്കത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ് .

കണ്ണുകള്‍ തിരുമ്മിക്കൊണ്ട് പതിയെ എഴുന്നേല്‍ക്കുമ്പോള്‍ വല്ലാത്ത  ജാള്യത തോന്നി ,കണ്ടത് വെറും സ്വപ്നമയിരുന്നുവെന്നു ഓര്‍ക്കാന്‍ മനസ്സ് വല്ലാതെ വിമുകത കാട്ടി.

കുളിമുറിയില്‍ ഷവറിനു കീഴെ നനയാതെ നനയുമ്പോള്‍ അറിയാതെ ഒരു തുള്ളി കണ്ണുനീരും എന്‍റെ കവിലൂടെ ഒഴുകിയിറങ്ങുന്നത് ഞാന്‍ അറിയുകയായിരുന്നു ,

ആസിഫ് വയനാട്