അറബ്-യഹൂദ വൈര്യത്തിന്റെ നാൾവഴികൾ

SAJI MARKOSE

July 13, 2014 at 6:59am
പുരാതന യിസ്രയേൽ രാജ്യം

അറബികളും യഹൂദരുമായി നിലനിൽക്കുന്ന വൈര്യത്തിന്റെ വേരുകൾ ചെന്നു നിൽക്കുന്നത് ചരിത്രത്തിൽ തെളിവുകളില്ലാത്ത മിത്തുകളുടെ ലോകത്തിലാണ്.

അബ്രാഹാമിന്റെ ഭാര്യ സാറയ്ക്ക് കുട്ടികൾ ജനിയ്ക്കാതിരുന്നപ്പോൾ വേലക്കാരിയായ ഈജിപ്ഷ്യൻ  സ്ത്രീ ഹാഗാറിൽ ജനിച്ച യിശ്മായേലിന്റെ സന്തതിപരമ്പരയാണ് ആണ് അറബികൾ എന്ന് ബൈബിൾ. (ഖുർ-ആനിൽ ഹാഗാർ ഭാര്യ ആയിരുന്നു എന്നാണ് പരാമർശം) പിന്നീട് സാറായിയ്ക്കും അബ്രാഹാമിനും   ദൈവത്തിന്റെ വാദത്തസന്തതിയായി  യിസഹാക്ക് ജനിച്ചപ്പോൾ  ഹാഗാറിനെ സാറാ വീട്ടിൽ നിന്നും പുറത്താക്കി.

 മരുഭൂമിയിലേയ്ക്ക് ഓടിപ്പോയ ഹാഗാറിന്റെ ദൈവം കൊടുത്ത അനുഗ്രഹ്മായിരുന്നു, മരുഭൂമി നിന്നെ പോറ്റി പുലർത്തികൊള്ളും എന്നത്. അക്കൂടേ  യിശമായേലിനോട് ഒരു കാര്യം കൂടെ   യഹോവ അരുൾചെയ്തു , "നീയും നിന്റെ സഹോദരനും എന്നും വൈരികളായിരിയ്ക്കും"

ബൈബിൾ കാലഗണന വച്ചു നോക്കിയാൽ ഇതു നടന്നത് ഏതാണ്ട് ബിസി 1700  ആണ്

വിശുദ്ധഗ്രന്ഥങ്ങളിലെ കഥയ്ക്കുപിന്നിലെ  യാദാർത്ഥ്യം എന്തുതന്നെയായാലും, ഉണങ്ങിവരണ്ട മരുഭൂമിയിൽ  ഒരു ജനത  പട്ടുപോകാതെ 3700 വർഷം നിലനിന്നതിനും   വളർന്നതിനും  തെളിവായി  അറബികൾ  ലോകത്തിന്റെ മുന്നിൽ ഇന്നും  നിൽക്കുന്നു.

  അബ്രാഹാമിന്റെ പിതാവ് തേരഹിന്റെ പിതൃദേശം മെസ്സൊപ്പെട്ടോമിയ -ഇന്നത്തെ  ഇറാക്ക്, ( ഇനി എത്ര കാലം കാണുമോ?)   ആയിരുന്നു.  തേനും പാലുമൊഴികുന്ന ഒരു വിശുദ്ധ ദേശം അവർക്ക് അവകാശമായി കൊടുക്കാമെന്ന് യഹോവ പറഞ്ഞ് ഇറാക്കിൽ നിന്നും അബ്രാഹാമിനെ  കൂട്ടിക്കൊണ്ട് വരികയായിരുന്നു എന്ന് ബൈബിൾ.  അവരുടെ ലക്ഷ്യ സ്ഥലം ഇന്നത്തെ പാലസ്തീൻ ആയിരുന്നു. അബ്രാഹാമിന്റെ രണ്ടാമത്തെ പുത്രൻ ഇസഹാക്കിന്റെ മകൻ യാക്കോബിന് ദൈവം കൊടുത്ത പേരാണ് യിസ്രായേൽ. യോക്കോബിന്റെ സന്തതി പരമ്പരയാണ് യിസ്രായേല്യർ അഥവാ യഹൂദർ.

 യാക്കോബിന്റെ മകൻ ജോസഫിന്റെ കാലത്ത് 70 പേർ അടങ്ങുന്ന  യിസ്രേല്യർ ആഹാരം തേടി ഈജിപ്റ്റിലേയ്ക്ക് പോവുകയും പിന്നീട് 430 വർഷക്കാലം അവിടേ പാർക്കുകയും ചെയ്തു. അക്കാലത്തെ    ഈജിപ്ഷ്യൻ ഭരണാധികാരികളായിരുന്ന ഫറവോമാരുടെ കീഴിലെ ആദ്യ വർഷങ്ങൾ സുഖകരമായിരുന്നെങ്കിലും പിന്നീട് പീഡനങ്ങൾ സഹിക്കവയ്യാതെയായി മോശയുടേ  നേതൃത്വത്തിൽ  യിസ്രേല്യർ പ്രപിതാമഹനുകൊടുത്ത വാഗ്ദത്ത ദേശത്തേയ്ക്ക് തിരിയ്ക്കുമ്പോൾ ഏതാണ്ട്  ആറു ലക്ഷം പേരായി അവരുടേ ജസംഖ്യ വളർന്നിരുന്നു.

40 വർഷം നീണ്ടു നിന്ന "പുറപ്പാടിന്റെ"  അവസാനം   പന്ത്രണ്ട് യഹൂദാ ഗോത്രങ്ങൾ  (യാക്കോബിന്റെ 10 മക്കളും രണ്ടു കൊച്ച് മക്കളും) പങ്കിട്ടെടുത്ത് വാസം ഉറപ്പിച്ച പ്രദേശങ്ങളാണ് ഇന്നു ഇസ്രയേലും പാലസ്തീനുമെന്ന എന്ന രണ്ടു  രാജ്യവും അവർക്കിടയിലെ തർക്ക ഭൂമിയും. അന്ന് അവിടുത്തെ താമസക്കാർ അറബികൾ ആയിരുന്നില്ല, ഹിത്യർ , പെരിസ്യർ, യബൂസ്യർ, കാനാന്യർ എന്നിങ്ങനെ തദ്ദേശവാസികളായ ജനങ്ങൾ  ആയിരുന്നു, അവരെ കൊന്നും മുടിച്ചും നാടു കടത്തിയുമാണ് ഏതാണ്ട് 3200 വർഷങ്ങൾക്ക് മുൻപ് യഹൂദ്യർ  പുരാതന യഹൂദാ രാജ്യം കെട്ടിപ്പടുത്തത്.  അന്നും അവർക്ക് ഒരു ന്യായീകരണം ഉണ്ടായിരുന്നു, ഇതു ദൈവം തന്ന ദേശമാണ്, ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്!

യഹൂദർ ഈജിപ്റ്റിൽ നിന്നും പോരുമ്പോൾ   നാനൂറു വർഷം സൂക്ഷിച്ചു വച്ച ജോസഫിന്റെ അസ്ഥികളും  കൂടെ കൊണ്ടു പോന്നിരിന്നു. കാരണം മരിയ്ക്കുമ്പോൾ ജോസഫ് പറഞ്ഞിരുന്നു, പ്രവാസം അവസാനിപ്പിച്ച് നിങ്ങൾ ഒരു നാൾ മടങ്ങിപ്പോകും- അന്ന് എന്റെ അസ്ഥികൾ നമ്മുടെ   വാഗ്ദത്ത ദേശത്ത് അടക്കം ചെയ്യണമെന്ന്.  യഹൂദന് വാഗദത്ത ദേശത്തോടുള്ള വൈകാരികതയുടെ ഒരു ചെറിയ ഉദാഹരണമാണിത്.  

ബി സി . 1000 ൽ സോളമന്റെ പിതാവായ ദാവീദ് ഒന്നാമത്തെ യിസ്രായേൽ രാജാവായി. ചരിത്രത്തിൽ വളരെയൊന്നും പ്രസക്തമല്ലാത്ത ഒരു രാജ്യമായി ഇസ്രയേൽ ഏതാണ് എഴുന്നൂറുകൊല്ലം നിലനിന്നു. രണ്ടു പ്രാവശ്യം വിദേശ ആധിപത്യത്തിലുമായി.

ബൈബിളിലെ   യെശയാവ് മുതൽ മാലാഖിവരെയുള്ള പ്രവചന പുസ്തകങ്ങളിൽ,  ജീസസ് ജനിയ്ക്കുമെന്നും,   ജീസസിനെ യഹൂദർ തിരസ്ക്കരിയ്ക്കുമെന്നും, അവസാനം ജീസസിനെ കൊല്ലുമെന്നും, അതിനു ശിക്ഷയായി യഹൂദരെ സ്വന്ത  ദേശത്തു നിന്നും അട്ടിയോടിയ്ക്കപെടുമെന്നും, പിന്നീട് കാലങ്ങൾക്കു ശേഷം  തിരികെ സ്വന്ത നാട്ടിലേയ്ക്കു കൊണ്ടുവരുമെന്നും  പരോക്ഷമായ ഒട്ടേറേ പ്രവചനങ്ങൾ ഉണ്ട്.

 ബിസി 4 ആം നൂറ്റാണ്ടിൽ ജീസസ് ജനിയ്ക്കുന്നു.  ഏഡി 29 ൽ ക്രൂശിക്കപ്പെടുന്നു. അക്കാലത്ത് യിസ്രായേൽ റോമിന്റെ അധീനതയിൽ ആയിരുന്നു.
(ഇതുവരെ തികച്ചും ബൈബിൾ അടിസ്ഥാനമാക്കിയുള്ള ചരിത്രം )

ആധുനിക യിസ്രയേൽ

ഏഡി 70 ൽ ടൈറ്റസ് സീസറുടെ കാലത്ത് ജറുസലേം പട്ടണം കൊള്ളയടിയ്ക്കപ്പെട്ടു. തീവച്ചും  കൊള്ളയടിച്ചും മുച്ചൂടും നശിപ്പിക്കപ്പെട്ടു. 90%  യഹൂദരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും  പാലായനം ചെയ്തു.  ഉപജീവനാർത്ഥം കടൽ കടന്ന് മട്ടാഞ്ചേരി വരെ അവർ എത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പലായനം ചെയ്തുവെങ്കിലും യഹൂദൻ ഒരിയ്ക്കലും സ്വത്വ ബോധവും അവരുടെ വിശുദ്ധഗ്രന്ഥത്തിലൂന്നിയ ആചാരങ്ങളും   പാരമ്പര്യവും, എന്തിനു, ഭാഷ പോലും വിട്ടുകളഞ്ഞില്ല.  ലോകത്തിലെ മറ്റേതൊരു മനുഷ്യ സമൂഹങ്ങളിൽ നിന്നും യഹൂദനെ  വ്യത്യസ്ഥനാക്കുന്ന കാര്യങ്ങളിതൊക്കെയാണ്.

യഹൂദർക്ക് ആകെ 7 പെരുന്നാളുകളാണ് ഒരു വർഷം ഉള്ളത്. അതിൽ അതിപ്രാധാന്യമുള്ള പെരുന്നാൾ ആണ് പെസഹാ പെരുന്നാൾ  ( യദാർത്ഥത്തിൽ  ക്രിസ്ത്യാനികളുമായി  പെസഹയായ്ക്ക് ബന്ധമൊന്നും ഇല്ല) സന്ധ്യയ്ക്കാണ് പെസഹ ആഘോഷിയ്ക്കുന്നത്. പ്രവാസികളായി ചിതറപ്പെട്ട യഹൂദർ  ഓരോ വർഷവും പെസഹ ആഘോഷത്തിന്റെ അവസാനം, " അടുത്ത വർഷം നമുക്ക് ജറുസലേമിൽ പെസഹ ആഘോഷിക്കാൻ ഇടവരട്ടെ"  എന്ന്  പരസ്പര്യം  ആശംസിമായിരുന്നു.

1900 വർഷങ്ങൾ പലദേശങ്ങളിൽ ചിതറി പാർത്തിട്ടും അവർ അവരുടെ ഭാഷ വിട്ടുകളഞ്ഞില്ല.  ഇന്നു ഇസ്രായേലിൽ മുഴുവൻ സർക്കാർ രേഖകളും ഹീബ്രുവിലാണ് . മുഴുവൻ സൈൻ ബോർഡുകളും,  കോടതിയുൾപ്പടെ മുഴുവൻ സ്ഥാപനങ്ങളിലേയും എഴുത്തുകുത്തുകൾ, ശാസ്ത്ര-സാങ്കേതിക പദാവലികൾ - എന്തിനു ഡോക്ടർമാർ മരുന്നിന് കുറിപ്പട എഴുതുന്നതും പോലും ഹീബ്രുവിലാണ്. ഇന്നും അവരുടേ പുരാതന നാണയമായ ശേഖേൽ അവരുപയോഗിയ്ക്കുന്നു. ഇതൊക്കെയും അവർ സൂക്ഷിച്ചതും സംരക്ഷിച്ചതും സ്വദേശത്തേയ്ക്ക് ഒരു മടങ്ങിപ്പോക്ക് ഉണ്ട് എന്ന  അവരുടേ വിശുദ്ധ ഗ്രന്ഥത്തിലെ പ്രവചനങ്ങൾ വിശ്വസിച്ച് ആണെന്ന് അവകാശപ്പെടുന്നു.

1914- യിസ്രായേൽ - അറബ് വൈര്യത്തിന്റെ വിത്തു പാകപ്പെടുന്നു.

സെയിദ് ദുഫൈർ എന്ന   ഒരു സൗദി  സ്നേഹിതനുണ്ടായിരുന്നു.  ചരിത്രം സംസാരവിഷയമാകുമ്പോൾ സെയിദ്   എന്നും തുടങ്ങുന്നത് ഇങ്ങനെയാണ്, " ഔവ്വൽ കുല്ലു ദുനിയ തുർക്കി"  (പണ്ടു ലോകം മുഴുവൻ തുർക്കിയുടേ അധീനതിയിൽ ആയിരുന്നു) മിക്ക അറബികൾക്കും ഇതു തന്നെയായിരിയ്ക്കും പറയാനുണ്ടാവുക.  

മധ്യപൂർവ്വദേശങ്ങൾ ഏതാണ് പൂർണ്ണമായും  തുർക്കി ഒട്ടോമാൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒട്ടോമാൻ ഭരണത്തിനെതിരെ കലാപം നയിച്ചാൽ പകരമായി സ്വതന്ത്ര അറബ് രാജ്യത്തിനു വേണ്ട സഹായം ചെയ്യാമെന്ന് അറബികൾക്ക് ബ്രിട്ടൺ വാക്കു നൽകി. അങ്ങിനെ1916 മധ്യപൂർവ്വ ദേശത്ത്  ഓട്ടോമാൻ ഭരണത്തിനെതിരെ  കലാപം ആരംഭിച്ചു. പക്ഷേ, ബ്രിട്ടണെ സംബന്ധിച്ച് ഒന്നാം ലോക മഹായുദ്ധത്തിൽ ജയിക്കുവാനുള്ള ഒരു തന്ത്രം മാത്രം മാത്രമായിരുന്നു.

1917ൽ ആണ് ബ്രിട്ടീഷ് വിദേശ കാര്യസെക്രട്ടറി ആർതർ ജെയിംസ് ബാൽഫർ കുപ്രസിദ്ധമായ ബാൽഫർ വിളംബരം പുറപ്പെടുവിയ്ക്കുന്നത്. ബ്രിട്ടണിൽ താമസിയ്ക്കുന്ന യഹൂദർക്ക് പാലസ്തീനിൽ  കുടിയേറിപ്പർക്കുന്നതിനും ഇസ്രായേൽ രാജ്യം  ഉണ്ടാക്കുന്നതിനും വേണ്ട സഹായങ്ങൾ ചെയ്യാമെന്നായിരുന്നു  ബാൽഫർ വിളമ്പരത്തിന്റെ അന്തഃസത്ത.

 ഏതാണ് 1850 വർഷമായി അവിടെ  പാർക്കുകയും,  തലമുറയായി കൈവശം വച്ചനുഭവിച്ച് വന്ന ഒരു ഭൂപ്രദേശം  കുടിയേറ്റക്കാർക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വരുകയും,  സഹസ്രാബ്ദങ്ങൾ കൊണ്ടു രൂപപ്പെട്ട ഒരു   ഒരു സംസ്ക്കാരം ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നതിലെ മനുഷ്ത്വരാഹിത്യവും  ബ്രിട്ടണ് പ്രശ്നമായിരുന്നില്ല.

 അതിലൊക്കെ ലളിതമായി പറഞ്ഞാൽ ഒരു തെറ്റും ചെയ്യാത്ത ഒരു ജനത മറ്റൊരു കൂട്ടം മനുഷ്യർക്കുവേണ്ടി  കുടിയിറക്കപെടുകയാണ് ചെയ്യപ്പെടുന്നത്.  ഒരുവനു വീടുകിട്ടുവാൻ രണ്ട് പേർക്ക് വീട് നഷ്ടപ്പെടുന്ന സൂത്രവാക്യമായിരുന്നു ബ്രിട്ടന്റേത്.

 കഴിഞ്ഞ 97 വർഷങ്ങളായി  പതിനായിരങ്ങൾ   കശാപ്പുചെയ്യപ്പെടു കയും  ലക്ഷണക്കിനു മനുഷ്യരെ അഭയാർത്ഥികളാക്കുകയും  ചെയ്ത, ആർക്കും പരിഹരിയ്ക്കാനാകാത്ത യിസ്രായേൽ-പാലസ്ത്തീൻ പ്രശനത്തിന്റെ ഔദ്യോഗിക തുടക്കമായിരുന്നു ബാൽഫർ വിളമ്പരം.

 അറബ് പ്രദേശങ്ങളിൽ നിന്നും ഒട്ടോമാൻ സാമ്രാജ്യത്തിന്റെ പിന്വാങ്ങലിനുശേഷം,  1922 ലീഗ്  ഓഫ് നേഷൻസ് (  യു എന്നിന്റെ മുൻഗാമി)  ബ്രിട്ടണും ഫ്രാൻസിനും രണ്ടു പ്രത്യേക ചുമതലകൾ നൽകി.  സ്വതന്ത്ര ഭരണത്തിനു കെൽപ്പ് ഉണ്ടാകുന്നതുവരെ മധ്യ പൂർവ്വ ദേശത്തെ  ബ്രിട്ടണും ഫ്രാൻസും ചേർന്ന് ഭരിയ്ക്കുവാൻ അധികാരപ്പെടുത്തുക  എന്നതായിയിരുന്നു ലളിത ഭാഷയിൽ ലീഗ് ഓഫ് നേഷൻസ് ചെയ്തത്.  ഇന്നത്തെ ഇസ്രായേൽ-ജോർദ്ദാൻ പ്രദേശങ്ങൾ ബ്രിട്ടണും , സിറിയ-ലബനോൻ പ്രദേശങ്ങൾ ഫ്രാൻസും ഒരു രഹസ്യ ധാരണപ്രകാരം പങ്കിട്ടെടുത്തു. ബാൽഫർ വിളംബരത്തെ  ലീഗ് ഓഫ് നേഷൻസ് അംഗീകരിയ്ക്കുകയും ചെയ്തു. അതിൻ പ്രകാരം യൂറോപ്പിൽ നിന്നും യഹൂദന്മാർ  ബ്രിട്ടീഷ് അധീനതയിലുള്ള പാലസ്തീനിനേയ്ക്ക് കുടിയേറ്റം ആരംഭിച്ചു. സ്വാഭാവികമായും ഇതു കലാപത്തിലേയ്ക്ക് നയിച്ചു. 1929 ലും 1936 വലിയ ലഹളകൾ നടന്നു.

ഈ സമയം ജർമ്മനിയിൽ ജൂതന്മാർക്ക് എതിരെ നിയമ നിർമ്മാണം നടക്കുകയായിരുന്നു. 1933 ചാൻസലറായ ഹിറ്റ്ലർ ജൂതരെ പൂർണ്ണമായും നാടുകടത്തുന്നതിന് പദ്ധതിയൊരുന്നു. 90 ലക്ഷം വരുന്ന  ജൂതരെ നാട് കടത്തുന്നത്  അപ്രായോഗികമാണെന്നും  കൊന്നൊടുക്കുകയാണ് എളുപ്പമെന്നും കണ്ടെത്തിയത്  നാസി ജൂതകാര്യവിഭാഗം തലവൻ അഡോൾഫ് ഐഷ്മാൻ ആയിരുന്നു. അങ്ങിനെ ഡക്കാവുവിൽ 1935ൽ ആദ്യത്തെ കോൺസെട്രേഷൻ ക്യാമ്പ് പണി കഴിപ്പിച്ചു. ആദ്യ കാലത്ത് അതു  അടിമപ്പടി ചെയ്യിക്കുന്ന ലേബർ ക്യാമ്പുകൾ ആയിരുന്നു. പിന്നീട് ഹിറ്റലറുടെ വലം കൈയ്യും നാസി  പ്രൊപഗെൻഡ മന്ത്രിയുമായിരുന്ന ഹെംലറുടെ നിർദ്ദേശപ്രകാരം  കൂട്ടക്കുരുതിയ്ക്കുവേണ്ടി  ഗ്യാസ് ചേംബറുകൾ  പണിയുകയായിരുന്നു.

ഹോളൊകോസ്റ്റിൽ അറുപത്തി അഞ്ചു ലക്ഷം യഹൂദന്മാർ കൊല്ലപ്പെട്ടു എന്നത് പുറം ലോകം അറിഞ്ഞതോടേ  യഹൂദവിരുദ്ധരായിരുന്ന പലരാജ്യങ്ങളും യഹൂദരെ സഹായിക്കുന്ന നിലപാട് എടുക്കുന്നതിനു തയ്യാറായി.

അറബ്-ജൂത കലാപം നിയന്ത്രാണീധീതമായപ്പോൾ  രണ്ടു വ്യത്യസ്ത രാഷ്ടങ്ങൾ  രൂപീകരികരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ബ്രിട്ടൺ നിയോഗിച്ച പീൽ കമ്മീഷൻ നിർദ്ദേശം വച്ചു. അന്നത്തെ ജൂത നേതാവും പിന്നീട് ഇസ്രെയേൽ പ്രധാനമന്ത്രിയുമായ ബെൻ-ഗുറിയോൺ ഇതിനെ സർവ്വാത്മന സ്വാഗതം ചെയ്തു വെങ്കിലും അറബികൾ ഈ നിർദ്ദേശത്തെ തള്ളിക്കളഞ്ഞു. അവരുടേ ജന്മനാട് പങ്കിട്ടുകൊടുക്കുവാൻ അവർക്ക് സമ്മതമല്ലായിരിന്നു.

ഏതാണ്  ആയിരത്തിൽപരം ജൂത കുടുംബങ്ങൾക്ക് വേണ്ടി  രണ്ടര ലക്ഷം അറബികളെ  പാലസ്തീനിൽ മാറ്റി പാർപ്പിക്കുവാൻ ബ്രിട്ടൺ തീരുമാനിച്ചു. അതോടൊപ്പം  അറബികളെ കൈയ്യിലെടുക്കുവാൻ വേണ്ടി ബ്രിട്ടൺ കുടിയേറ്റ നിയന്ത്രണ നിയമം കൊണ്ടു വന്നു.പ്രതിവർഷം പന്തീരായിരം ജൂതൻമാരിൽ കൂടുതൽ  പാലസ്തീനിലേയ്ക്ക് കുടിയേറുന്നതിൽ വിലക്കേർപ്പെടുത്തി. പക്ഷേ, ജൂതന്മാർ കുടിയേറുന്നതിനനുസരിച്ച് പലസ്തീനികൾ പുറത്താക്കപ്പെടുകയോ, അഭയാർത്ഥികളാവുകയോ ചെയ്തു കൊണ്ടിരുന്നു.

സർവ്വം നഷ്ടപ്പെട്ട് പടിയിറങ്ങുമ്പോൾ   തങ്ങൾക്ക് അവകാശപ്പെട്ട ഒരു ഭൂപ്രദേശത്ത് എങ്ങുനിന്നോ വന്നവർ , വിദേശസഹായത്തിൽ തഴച്ചു വളരുന്നത് കണ്ടു നിൽക്കാനേ അറബികൾക്ക്  കഴിയുമായിരുന്നുള്ളൂ.

രണ്ടാം ലോക മഹായുദ്ധം അവസാനിയ്ക്കുമ്പോഴേയ്ക്കും ഏതാണ് 65 ലക്ഷം ജൂതന്മാർ ജർമ്മനിയിലും പോളണ്ടിലും ഉക്രയിനിലുമായി  നാസികളുടേ കൈയ്യാൽ കൊല്ലപ്പെട്ടു.രക്ഷപ്പെട്ടവർ കൂട്ടമായി പാലസ്തീനിലേയ്ക്ക് കുടിയേറി.

1931 ൽ ഒന്നേമുക്കാൽ ലക്ഷം യഹൂദർ പാലസ്തീനിൽ ഉണ്ടായിരുന്നത്, 1945 ആയപ്പോഴേയ്ക്കും ആറു ലക്ഷമായി ഉയരുകയും  പിന്നീട് അത് 1950 ആയപ്പോഴേയ്ക്കും ഏതാണ് ഒന്നേകാൽ മില്യൺ ആയി കൂടുകയും ചെയ്തു.

അതേസമയം  അതിന്റെ ഇരട്ടി എണ്ണം എന്ന അനുപാദത്തിൽ പാലസ്തീനികൾ കുടിയിറക്കപ്പെട്ടുകൊണ്ടുമിരുന്നു.

1945 ൽ അറബ് ലീഗ് രൂപവൽക്കരിയ്ക്കുകയും പാലസ്തീന്റെ മണ്ണിൽ മറ്റൊരു  രാജ്യം ഉണ്ടാക്കുന്നതിനെ എതിർക്കുകയും ചെയ്തു. 1946 ൽ ഇർഗൻ എന്ന സയണിസ്റ്റ് പാരാമിലിറ്ററി വിഭാഗം  ജറുസലേമിലെ ബ്രിട്ടീഷ ആസ്ഥാനമായിരുന്ന കിംഗ് ഡേവിഡ് ഹോട്ടലിനു ബോംബ് വച്ചു. അതോടേ യുണൈറ്റഡ് നേഷൻസ് അനുവദിച്ചു കൊടുത്ത പ്രത്യേക അധികാരം ഉപേക്ഷിച്ച് ബ്രിട്ടൺ പിൻവാങ്ങാൻ തീരുമാനിച്ചു. പോകുന്ന പോക്കിൽ 1947ൽ ഇൻഡ്യയോട് ചെയ്തതു തന്നെ അവിടെയും ചെയ്യാൻ അവർ മറന്നില്ല.

ഇസ്രായേൽ എന്ന രാജ്യം രൂപീകരിച്ചു, 

മാർച്ച് അവസാനം ബ്രിട്ടൺ പൂർണ്ണമായും പിൻമാറി, മെയ് ആദ്യം ഇസ്രായേൽ എന്ന സ്വത്ന്ത്ര രാജ്യം പാലസ്തീൻ മണ്ണിൽ പിറന്നു. തുടർന്ന് നടന്ന യുദ്ധം, കുടിയിറക്കപ്പെട്ടവരിൽ തിരികെ പോകുവാൻ ആഗ്രഹിയ്ക്കുന്നവർക്ക് തിരികെ ചെല്ലുവാൻ സൗകര്യമൊരുക്കാമെന്ന്  യുണൈറ്റഡ് നേഷൻസ് മുന്നോട്ട് വച്ച് വ്യവസ്ഥ   ഇസ്രയേൽ അംഗീകരിച്ചുകൊണ്ട്   അവസാനിപ്പിച്ചു. 1950 ൽ  ഇസ്രയേൽ "മടങ്ങിപോക്ക്" നിയമം പാസാക്കി.അതിൻപ്രകാരം   ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിപ്പോയ യഹൂദർ തിരികെ എത്തി. ഏതാണ്ട് പത്തു ലക്ഷത്തോളം യഹൂദർ അപ്രകാരം തിരികെ എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.  അതിനനുസർച്ച് ഇസ്രയേൽ അവർക്ക് യുണൈറ്റഡ് നേഷൻസ് അനുവദിച്ചു കൊടുത്തിരുന്ന ഭൂമിയിൽ നിന്നും അതിർ കടന്ന് അറബികൾ വസിയ്ക്കുന്ന ഭൂമി കയ്യേറികയും ചെയ്തു കൊണ്ടിരുന്നു.

1964 ൽ പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻസ് (PLO) രൂപീകരിക്കപ്പെട്ടു..  PLO ബാൽഫർ വിളംബരത്തെ പൂർണ്ണമായും  നിരാകരിച്ചു.  യഹൂദാ ഒരു മതമാണെന്നും  ഒരു രാജ്യമല്ലെന്നും  PLO പ്രഖ്യാപിച്ചു. പാലസ്തീന്റെ വിമോചനത്തിന് ആയുധമെടുത്ത് പോരാടുന്നതിൽ തെറ്റില്ലെന്നും PLO  തീരുമാനിച്ചു.

1967ൽ ലെ അറബ്-യി സ്രയേൽ യുദ്ധത്തിൽ സിറയിയുടേ അധീനതയിൽ ഉണ്ടായിരുന്ന ഗോലാൻ കുന്നുകളും, ജോർദ്ദാന്റെ അധീനതയിൽ ഉണ്ടായിരുന്ന വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും ഇസ്രേയിൽ കൈവശപ്പെടുത്തി.  യുണൈറ്റഡ് നേഷൻസ് ഇത് തിരികെ നൽകുവാൻ ആവശ്യപ്പെട്ടുവെങ്കിലും നാമമാത്രമായ പ്രദേശങ്ങളിൽ നിന്നും ഇസ്രയേൽ പിന്മാറുകയും ബാക്കി സ്ഥലങ്ങളിൽ യഹൂദർക്ക് താമസത്തിനുള്ള വികസന പ്രവർത്തങ്ങൾ നടത്തുകയും ചെയ്തു.

1967 ലെ അറബ് ഉച്ചകോടിയിൽ എട്ട രാജ്യത്തലവന്മാർ ചേർന്ന് പ്രസിദ്ധമായ ത്രീ നോസ്- പ്രഖ്യാപിച്ചു.
ഇസ്രയേലുമായി സമാധാനം പുലർത്തുകയില്ല,
ഇസ്രായേലിനെ അംഗീകരിക്കില്ല,
ഇസ്രയേലുമായി ചർച്ചയും വിട്ടുവീഴ്ചയും ചെയ്യില്ല.- ഇവയായിരുന്നു ത്രീ നോസ്  ( 3-Nos)

 ഈ സമയത്തെല്ലാം, അമേരിയ്ക്കയുടേയും പാശ്ചാത്യ ശക്തികളുടേയും രഹസ്യസഹായത്തിൽ ഇസ്രയേൽ അണുവായുധങ്ങൾ നിർമ്മിയ്ക്കുകയും അതിനൂതന യുദ്ധോപകരണങ്ങൾ വികസിപ്പിക്കുകയും ഒരു രാജ്യമെന്ന് നിലയിൽ കെട്ടുറപ്പുള്ളതാക്കുകയും ചെയ്തുകൊണ്ടിരുന്നു. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും  കിട്ടിക്കൊണ്ടിരുന്ന അളവില്ലാത്ത സഹായങ്ങൾ ഇസ്രായേൽ എന്ന രാജ്യത്തെ ലോകത്തിലെ എണ്ണപ്പെട്ട ശക്തിയാക്കി മാറ്റിക്കൊണ്ടിരുന്നു.

 മതഭക്തിയിലും പാരമ്പര്യത്തിലും  ചടങ്ങുകളിലും മിത്തുകളിലും അമിത വിശ്വാസം പുലർത്തിയിരുന്ന യഹൂദർക്ക് ഒരുമിച്ച് നിൽക്കാനും  വിദേശ സഹായത്തോടേ ശാസ്ത്ര സാങ്കേതിക മേഖലകളിൽ  ഒരു വൻ കുതിപ്പ് നടത്തുവാൻ കഴിഞ്ഞു.

1987ൽ  സായുധസമരത്തിലൂടേ പാലസ്തീന്റെ വിമോചനത്തിനം എന്ന ലക്ഷ്യം വച്ച് ഹാ മാസ് രൂപം കൊള്ളുന്നു.

പിന്നീട് നാളിതുവരെ നിരവധി ആക്രമണങ്ങളും അതിനു ശേഷം സമാധാന ചർച്ചകളും തുടർച്ചയായി  നടക്കുന്നുവെങ്കിലും നാൾക്ക്നാൾ പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നതല്ലാതെ ലഘൂകരിയ്ക്കുവാൻ കഴിഞ്ഞിട്ടില്ല.

ഇരുകൂട്ടരുടേയും ആവശ്യങ്ങൾ

പാലസ്തീനികൾക്ക് ഇതു ഒരു രാജ്യം സ്ഥാപിച്ച് കിട്ടുന്നതോ, പതാകയും നാണയവും, ദേശീയ ഗാനവും, യുഎന്നിൽ കസ്സേരയും ഒന്നുമല്ല ആവശ്യം- ഇതെല്ലാം ആവശ്യം വേണ്ടതു തന്നെ. പക്ഷേ, പിതാക്കന്മാരായി പാർത്തുവന്ന ദേശത്ത് അഭിമാനത്തോടേ ജീവിക്കാൻ കഴിയണം എന്ന ലളിതമായ ആവശ്യമാണ് പാലസ്തീനികൾക്ക് ഉള്ളത്.

ഇസ്രായേലിന്റേതും സമാനമെന്ന് തോന്നാവുന്ന  ആവശ്യങ്ങൾ ആണ്.  പിതാക്കന്മാർക്ക്  യഹോവ നൽകി എന്ന് പറയുന്ന വിശുദ്ധ ദേശം  ആണിത്.  ഒരിയ്ക്കൽ  ഉപേക്ഷിച്ചു പോകേണ്ടി വന്നെങ്കിലും ഇന്ന് തിരികെ വരാൻ കെൽപ്പ് ഉണ്ടായപ്പോൽ ഇവിടേയുള്ളവർ നിരുപാധികം   മാറിക്കൊടുക്ക്ടുക്കണം എന്ന്താണ് അവരുടേ ആവശ്യം .


പരിഹാരങ്ങൾ:

പൊതുവേ  മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുള്ള രണ്ട് അഭിപ്രായങ്ങൾ ആണുള്ളത്.

1. ഏക രാജ്യം എന്ന് പരിഹാരം:
അറബികളും യഹൂദരും ഒരുമിച്ച് കഴിയുന്ന ഒരു രാജ്യം എന്ന സങ്കല്പം .

2. രണ്ടു രാജ്യങ്ങൾ എന്ന് പരിഹാരം:
കൃത്യമായി അതിർത്തി നിശ്ചയിച്ച് പരസ്പരം അംഗീകരിച്ചുകൊണ്ട് രണ്ടു രാജ്യങ്ങളായി സഹവർത്തിത്വത്തിലൂടേ സമാധാനം സാധ്യമാക്കുക.

ഇസ്രെയേലിനു രണ്ടും സമ്മതല്ല എന്നതാണ് യാദാർത്ഥ്യം. രണ്ടിനും ഇടയിലുള്ള ഒരു വഴിയാണ് അവർ തിരഞ്ഞെടുക്കുന്നത്. അവർക്ക് ലഭിച്ച സ്വതന്ത്ര രാജ്യം എന്ന പദവി അവർ പങ്കു വയ്ക്കാൻ തയ്യാറല്ല, തക്കം കിട്ടുമ്പോഴെല്ലാം, അതിർത്തിയിൽ അധിനിവേശം നടത്തും , പാലസ്തീനെ അംഗീകരിയ്ക്കുന്ന പ്രശ്നമില്ല.


പാലസ്തീനെ സംബന്ധിച്ച്,  കുടിറക്കപ്പെട്ടവർക്കും, അഭയാർത്ഥിക്യാമ്പിൽ കഴിയുന്നവർക്കും  സമീപ അറബ് രാജ്യങ്ങളിൽ അഭയം കണ്ടെത്തിയവർക്കും തിരികെ സ്വന്തം മണ്ണു തിരികെ കിട്ടാതെ  ഒരു പരിഹാര നിർദ്ദേശവും അംഗീകരിയ്ക്കാനുമാകില്ല. ഇതിനെല്ലാമിടയിൽ സായുദ്ധ സമരത്തിലും സൈനീക ആക്രമണത്തിലും ഉറ്റവർ നഷ്ടപ്പെട്ടവരുടെ വേദനയും  പകയും. ജ്വലിച്ചു നിൽക്കുന്നു.

പരിഹാരം കാലം ഉണ്ടാക്കുകയല്ലാതെ  വഴിയുണ്ടെന്ന് തോന്നുന്നില്ല...

Comments