ബി.സി രണ്ടാം സഹസ്രാബ്ദത്തിൽ മധ്യപൗരസ്ത്യ ദേശത്ത് വംശീയവും മതപരവുമായ ഒരു വിഭാഗമായി ജൂതർ ഉത്ഭവിച്ചു.

ഉത്ഭവം[തിരുത്തുക]

പലസ്തീനിന്റെയും ഇസ്രയേലിന്റെയും ചരിത്രമാരംഭിക്കുന്നത് 'അമാർനാ'യുഗത്തിലാണ്. ബി.സി 1500 ന് അടുപ്പിച്ചുള്ള കാലഘട്ടത്തിൽ, പലസ്തീനിൽ ഭരണം നടത്തിയിരുന്നത് ഈജിപ്റ്റിന്റെ ആശ്രിതരായ രാജാക്കൻമാരായിരുന്നു. ബി.സി 1900-ൽ ഈർ, സുമേരിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പലസ്തീനിലേക്ക് കുടിയേറിയ പാശ്ചാത്യ സെമിറ്റിക് വംശജരായ അമോ റൈറ്റുകൾ ആണ് ജൂതൻമാരുടെ പൂർവ്വികർ എന്ന് കരുതപ്പെടുന്നു. പലസ്തീനിലെത്തിയ അബ്രഹാമിന്റെ പൗത്രനായ യാക്കോബിന്റെ സന്തതി പരമ്പരകളാണ് ഇസ്രയേലികൾ. യഹൂദർ, യഹൂദൻ, യഹൂദജനത എന്നല്ലാം അറിയപ്പെടുന്ന ജൂതന്റെ ഉത്ഭവം ഗോത്രപിതാവായ യാക്കോബിൽ നിന്നാണ്. ഇസ്രയേലി ഉച്ചാരണം (Jehudim) യെഹൂദിം എന്നുമാണ്. വംശീയത, രാഷ്ട്രം, മതം എന്നിവയുമായി ജൂതർ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നു. യഹൂദമതമാണ് യഹൂദ ജനതയുടെ പരമ്പരാഗത വിശ്വാസം. എന്നാൽ വിവിധ തരത്തിലുള്ള ആരാധനാക്രമങ്ങൾ ഇവർ ആചരിക്കുന്നു .ബി.സി 323 മുതൽ ബി.സി 31 വരെയുള്ള ഹെല്ലെൻസ്റ്റിക്കൽ കാലഘട്ടത്തിലെ ഗ്രീക്ക് രേഖകളിൽ ഇവരെക്കുറിച്ച് വിവരിക്കുന്നുണ്ടെങ്കിലും, ബി.സി 1213-1203 കാലത്തെ മെർപ്പെപ്റ്റാസ്റ്റെലെ ലിഖിതത്തിലാണ് ഇസ്രയേലിനെക്കുറിച്ചുള്ള ആദ്യ കാല പരാമർശം. പ്രാചീന ഇസ്രയേൽ(ജൂദാ)ജനങ്ങളെ യഹൂദർ എന്നും വിളിക്കാറുണ്ട്. ജൂദാ (യഹൂദാ) ഗോത്രപിതാവായി കരുതപ്പെടുന്നു. 'ഇസ്രയേൽ' എന്ന അപരനാമമുള്ള യാക്കോബിന്റെ പന്ത്രണ്ടു പുത്രൻമാരിൽ നിന്നാണ് ഈ ഗോത്രങ്ങൾ ഉത്ഭവിച്ചത്. ഇവയിൽ ജൂദായുടെയും ബെഞ്ചമിന്റെയും ഗോത്രങ്ങൾ ഒരു സമൂഹമായിത്തീർന്നു. ജൂദായും ഇസ്രയേലും ഒരേ വർഗ്ഗത്തിൽപ്പെട്ട രണ്ട് സമൂഹങ്ങളുടെ പ്രാദേശിക സംജ്ഞകളായിരുന്നു. പിന്നീട് ജൂദാ എന്ന പദം ഒരു മത വിഭാഗത്തെക്കുറിക്കുന്നതായി മാറി. കാരണം, ഈ മതം ആവിർഭവിച്ചതും നിലനിന്നതും യൂദയായിലാണ്. അങ്ങനെയാണ് 'യാഹ് വേ' (യഹോവ) ആരാധനയിൽ അധിഷ്ഠിതമായ മതത്തിന്റെ അനുയായികൾക്ക് ജൂതൻമാർ എന്ന പേരു വന്നത്. എന്നാൽ ഇസ്രയേൽ എന്ന പദം ചില പ്രാദേശിക ഗോത്രങ്ങളെ മാത്രം കുറിക്കുന്നതിന് പകരം എല്ലാ ഗോത്രങ്ങൾക്കും പൊതുവെയുള്ള ഒന്നായി വീണ്ടും രൂപപ്പെട്ടു. അങ്ങനെയാണ് 'ജൂതന്മാർ' എന്നും 'ഇസ്രയേല്യർ' എന്നും സമാന അർത്ഥ വാക്കുകൾ നിലവിൽ വന്നത്. കൂടാതെ 'ഹീബ്രു' (എബ്രായർ) എന്നും ഇവർ അറിയപ്പെടുന്നുണ്ട്. 'ഹെബർ' അഥവാ ഏബർ (ഉൽപ്പത്തി 11:14-17) എന്ന പൂർവ്വികനിൽ നിന്ന് ഉത്ഭവവിച്ചതുകൊണ്ടാണ് 'ഹീബ്രു' എന്ന പേര് തങ്ങൾക്ക് വന്നതെന്ന് ജൂതൻമാർക്കിടയിൽ വിശ്വാസമുണ്ട്. എന്നാൽ 'ഹബീരു' എന്ന പദമാണ് 'ഹീബ്രു'വിന്റെ യഥാർത്ഥ മൂലപദം. സ്ഥിര താമസമില്ലാത്ത ആക്രമണ സംഘങ്ങളും അടിമകളും പൊതവെ 'ഹബീരു' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് ബി.സി 15-ാം നൂറ്റാണ്ടിനും 16-ാം നൂറ്റാണ്ടിനുമിടയിൽ പലസ്തീന്റെ ചില പ്രദേശങ്ങളെ ആക്രമിച്ചു കീഴടക്കി അവിടെ വാസമുറപ്പിച്ച ഹാബീരുക്കളാണ് പിന്നീട് 'ഹീബ്രു' ആയിത്തീർന്നത് എന്ന് കരുതാം.

ആരംഭ ചരിത്രം[തിരുത്തുക]

ജൂതൻമാരുടെ പൂർവ്വികനായ അബ്രാഹം കൽദീസിലെ ഈർ എന്ന് സ്ഥലത്തു നിന്നും പരിവാരങ്ങളോടെ പുറപ്പെട്ട് പലസ്തീനിലെ കനാൽ ദേശത്ത് വന്ന് താമസമുറപ്പിച്ചു. പിന്നീട് ഈജിപ്തിൽ കുടിയേറിപ്പാർത്തു. ഫറവോ രാജാക്കൻമാർ ഇവരെ അടിമകളാക്കി. അടിമത്തത്തിൽ നിന്നും അവരെ മോചിപ്പിച്ച് പൂർവ്വികരുടെ ആസ്ഥാനമായ കാനാനിലേക്ക് നയിച്ചത് മോശെയായിരുന്നു. അദ്ദേഹമായിരുന്നു ഇസ്രയേലിന്റെ മത സ്ഥാപകനും നിയമ ദാതാവും. അവർക്ക് ഒരു പ്രാചീന മതമുണ്ടായിരുന്നെങ്കിലും അവരുടെ ദേശീയ ദൈവമായ യഹോവ ആവിർഭവിക്കുന്നത്, പലസ്തീതീന്റെ ദക്ഷിണ ഭാഗത്ത് താമസിച്ചിരുന്ന ഒരു വിഭാഗത്തിന്റെ ദൈവമായിരുന്നു യഹോവ.മോശയുടെ കുടുംബാംഗങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നവരായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കുലദൈവമായിരുന്ന യഹോവ ഇസ്രയേൽ ജനത്തിന്റെ ദൈവമായിത്തീർന്നു.

രാജവാഴ്ച[തിരുത്തുക]

തങ്ങൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണന്ന വിശ്വാസമാണ് ഇസ്രയേൽ ഗോത്രങ്ങളിലെ തീക്ഷ്ണമായ ഐക്യ ബോധത്തിന് കാരണം. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കാനാൻ പ്രദേശത്ത് വാസമുറപ്പിച്ച് അയൽ വർഗ്ഗങ്ങളുമായി കൂടിച്ചേർന്ന് അവരുടെ ഭാഷയും സംസ്കാരവും മതവും സ്വീകരിച്ചു. ഇസ്രയേൽ ഗോത്രങ്ങൾ കാനാനിൽ കുടിയേറിപ്പാർത്ത ശേഷം അവിടെ ആഭ്യന്തര കലാപങ്ങൾ ഉണ്ടായി. ഈ സന്ദർഭത്തിൽ ഫിലിസ്തീനർ(Philistines) എന്ന കടൽ സഞ്ചാരികൾ കാനാനിനു വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തീരപ്രദേശങ്ങളിൽ താവളമടിച്ചു.അങ്ങനെയാണ് ആ പ്രദേശത്തിന് പലസ്തീൻ എന്ന പേരു വന്നത്. അവർ തമ്മിൽ പലപ്പോഴും സംഘടനം നടന്നു. ഈ സംഘടനങ്ങളാണ് ആഭ്യന്തര കലഹങ്ങളിൽ ഏർപ്പെട്ടിരുന്ന ഹീബ്രു ഗോത്രങ്ങളെ സംഘടിപ്പിച്ചത്. അങ്ങനെ വിഭിന്ന ഗോത്രങ്ങൾ കെട്ടുറപ്പുള്ള ഒരു സംഘടനയായി രൂപമെടുത്തതോടു കൂടി രാജവാഴ്ച നിലവിൽ വന്നു.

പന്ത്രണ്ടു ഗോത്രങ്ങൾ[തിരുത്തുക]

പഴയ നിയമത്തിലെ ഉൽപ്പത്തി പുസ്തക പ്രകാരം ഗോത്രപിതാവായ യാക്കോബിന് നാല് ഭാര്യമാരിൽ നിന്നുണ്ടായ പന്ത്രണ്ട് പുത്രൻമാർ പന്ത്രണ്ടു ഗോത്രങ്ങളുടെ സ്ഥാപകരായിത്തീർന്നു. (1)ലേയുടെ പുത്രൻമാരായ രൂബേൻ, ശിമെയോൻ, ലേവി, യഹൂദാ, മിസ്സാഖാൻ,സെബൂലൻ (2) റാഹേലിന്റെ പുത്രൻമാരായ ജോസഫ് (എഫ്രായിം, മനശ്ശെ), ബിന്യാമീൻ.(3) ബിൻഹായുടെ പുത്രൻമാരായ ദാൻ, നഫ്താലി (4)സിൽപായുടെ പുത്രന്മാരായ ഗാദ്, ആശേർ, എന്നിവരായിരുന്നു ഗോത്രസ്ഥാപകർ

Comments