ലിംക വേള്‍ഡ് റിക്കോര്ഡ് ഹോള്ടെര്‍ സി കെ രാജുസാറിന്‍റെ  ഇന്ത്യ ബുക്സ് ഓഫ് റിക്കൊര്‍ഡിന് അര്‍ഹമായ കാവ്യ വസന്തം കവിതാസമാഹാരത്തിലെ എന്‍റെ ഒരു കൊച്ചു കവിത 

 (ഈ കവിതാ സമാഹാരം രണ്ടായിരത്തി പതിനഞ്ചിലെ ലിംക വേള്‍ഡ് റിക്കോര്‍ഡ് പാട്ടികയില്‍ ഇപ്പോളെ പരിഗണിച്ചിരിക്കുന്നു .

(വിശപ്പ്)കവിത 

ഒട്ടിയ വയറിനെ കെട്ടിപ്പിടിച്ചു ഞാന്‍
ചോർന്നൊലിക്കുന്നൊരാ കൂരയിലീറനായ്
കീറപ്പായയിൽ അമ്മതൻ ചാരെ
നഷ്ടസ്വപ്നത്താൽ തളർന്നുറങ്ങിയ,
കണ്ണീരിൽ കുതിർന്നുള്ള വേദന തിങ്ങുന്ന 
ശൈശവ കാലം ഇന്നുമോർക്കുന്നു ഞാൻ.
അന്തിയിൽ കഞ്ഞിക്കലത്തിന്‍റെ ചുറ്റിലും
ആകാംഷയോടെ നിരന്നിരിക്കുമ്പോഴും
ചൊല്ലുവാനില്ലെനിക്കേറെ പരിഭവം.
കോപ്പയിൽ കോരിയൊഴിച്ചൊരാ കഞ്ഞിയിൽ
ചെറുവററ് തേടി അലഞ്ഞൊരെൻ ശൈശവം,
അന്ന് വിളമ്പിയ കഞ്ഞിയിൽ കളയുവാൻ
ഒരു ചെറു വറ്റുമേ ബാക്കിയില്ല.
പശി മാറാതെ ഞാൻ കണ്ണുനീർ വാർത്ത 
നിദ്രാവിഹീന രാവുകളിൽ 
ഏതോ നിലാപ്പക്ഷി നീട്ടി മൂളി,
എൻ ശോകാർദ്രമാം ജീവിതത്തിൽ, 
ഒരുതാരാട്ട് പാട്ടിന്‍റെ ഈണം.
രാത്രിയുടെ ഏതോ വിദൂര യാമങ്ങളിൽ
കുളിരിന്‍റെ കാഠിന്യം ആർത്തിരച്ചെത്തുമ്പോൾ,
വിശപ്പിന്‍റെ ക്രൂരമാം കഠോരഹസ്തങ്ങൾ
എൻ ഉദരത്തെ കാർന്നു തിന്നുമ്പോൾ
അറിയാതെ നിറയുമെൻ കണ്ണീരൊഴുകുമ്പോളറിഞ്ഞ 
വിശപ്പിന്‍റെ തീവ്രത എന്നും മനസ്സിൽ മായാതിരിക്കും.

വിശപ്പ്
ആസിഫ് വയനാട്

Comments